survey

തിരുവനന്തപുരം: ആരാധനാലയങ്ങളുടെയും ക്ലബുകളുടെയും കൈവശമിരിക്കുന്നതും രേഖയില്ലാത്തതുമായ ഒരേക്കർ വരെ അധിക ഭൂമി നിശ്ചിത തുക ഈടാക്കി പതിച്ചു നൽകാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭാ യോഗത്തിന്റെ തത്വത്തിലുള്ള അനുമതി. റവന്യുവകുപ്പിന്റെ നിർദ്ദേശത്തിന് മേൽ മന്ത്രിമാർ ചില ഭേദഗതികൾ നിർദ്ദേശിച്ച സാഹചര്യത്തിൽ ഇതിന്റെ സാങ്കേതികവശങ്ങളും ഒന്നിലധികം ഏക്കറുണ്ടെങ്കിൽ പതിച്ചുനൽകുന്നത് സംബന്ധിച്ചും പഠിക്കാൻ ചീഫ്സെക്രട്ടറിയെയും റവന്യു അഡിഷണൽ ചീഫ്സെക്രട്ടറിയെയും ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോർട്ടിന് ശേഷമേ അന്തിമ ഉത്തരവിറങ്ങൂ.

കൃത്യമായ രേഖകളുള്ള സ്ഥാപനങ്ങൾക്ക് തീരുമാനം ബാധകമാകില്ല. ശ്മശാനങ്ങൾക്ക് 75 സെന്റ് വരെ അധികഭൂമിയാണ് ഇത്തരത്തിൽ നൽകേണ്ടതെന്നാണ് റവന്യുവകുപ്പിന്റെ നിർദ്ദേശം. അതേസമയം, തലസ്ഥാന നഗരത്തിൽ ആരാധനാലയങ്ങൾക്കും ശ്മശാനങ്ങൾക്കുമല്ലാതെ ക്ലബുകൾക്കൊന്നും രേഖയില്ലാത്ത അധിക ഭൂമി പതിച്ചുനൽകേണ്ട.

കലാ, കായിക, സാംസ്കാരിക സംഘടനകൾക്ക് 15 സെന്റ് വരെ തുക ഈടാക്കി പതിച്ചു നൽകണം. രേഖയില്ലാത്ത ബാക്കി ഭൂമി സർക്കാർ തിരിച്ചെടുക്കും. സർക്കാരിന്റെ ലാൻഡ് ബാങ്കിലേക്ക് മാറ്റി ഭൂമിയില്ലാത്തവർക്ക് വിതരണത്തിനായി ഇത് ഉപയോഗിക്കും.
രണ്ടാഴ്ച മുമ്പ് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഭൂമി പതിച്ചു നൽകുന്നതിനുള്ള ഫയൽ പരിഗണിച്ചെങ്കിലും വിശദമായി പഠിക്കണമെന്ന് മന്ത്രിമാർ പറഞ്ഞതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇതുവഴി കുറച്ചു തുക കണ്ടെത്താനാകുമെന്നാണ് വിലയിരുത്തൽ.

റവന്യുവകുപ്പിന്റെ

നിർദ്ദേശം ഇങ്ങനെ

1. സ്വാതന്ത്ര്യത്തിന് മുമ്പ് പാട്ടത്തിനെടുത്ത ഭൂമിയാണെങ്കിൽ പതിച്ചുകിട്ടാൻ ഭൂമിയുടെ ന്യായവിലയുടെ പത്ത് ശതമാനം ഒടുക്കണം

2. 1947 ആഗസ്റ്റ് 15നും കേരളപ്പിറവിക്കും ഇടയിൽ പാട്ടത്തിനെടുത്തതോ കൈവശമുള്ളതോ ആണെങ്കിൽ ന്യായവിലയുടെ 25 ശതമാനം അടയ്ക്കണം

3. 1956 നവംബർ ഒന്നിനും 1990 ജനുവരി ഒന്നിനും മദ്ധ്യേ കൈവശമുള്ള ഭൂമിയാണെങ്കിൽ ന്യായവില നൽകണം

4. 1990 ജനുവരി ഒന്നിനും 2008 ആഗസ്റ്റ് 25നും മദ്ധ്യേ പാട്ടത്തിനെടുത്ത ഭൂമിയാണെങ്കിൽ മാർക്കറ്റ് വില നൽകണം