പാറശാല: തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് കടത്തിയ നിരോധിത മയക്കു മരുന്ന് ഗുളികകളുമായി രണ്ടു യുവാക്കൾ പാറശാല റെയിൽവേ പൊലീസിന്റെ പിടിയിലായി. കവടിയാർ വൃന്ദാവൻ ഗാർഡൻസിൽ ആൽഫിയ മൻസിലിൽ അഫ്സൽ (22), ഇയാളുടെ സുഹൃത്ത് കവടിയാർ കൊക്കോട് പടിഞ്ഞാറെ മേലേവീട്ടിൽ വിഷ്ണു (20) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ പാറശാല സ്റ്റേഷനിൽ എത്തിയ മധുര - പുനലൂർ പാസഞ്ചർ ട്രെയിനിലെ യാത്രക്കാരായിരുന്നു ഇരുവരും. ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ക്യാരി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്നുകൾ കണ്ടെടുത്തത്. റെയിൽവേ പൊലീസ് ഇൻസ്പെക്ടർ അബ്ദുൾകലാമിന്റെ നിർദ്ദേശ പ്രകാരം പാറശാല റെയിൽവേ സ്റ്റേഷനിലെ എസ്.ഐമാരായ അബ്ദുൽ വഹാബ്, ശ്രീകുമാരൻ നായർ, എസ്.സി.പി.ഒമാരായ ശിവകുമാർ, അനിൽകുമാർ, അശോക്,അജേഷ്, അനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.