തിരുവനന്തപുരം: ക്രിസ്മസ് രാത്രിയിൽ നടുറോഡിൽ അമ്മയ്ക്കും മക്കൾക്കും നേരെ സദാചാര ആക്രമണമെന്ന് പരാതി. രണ്ട് ബൈക്കുകളിലായി പിന്തുടർന്നെത്തിയ അക്രമി സംഘം മോശമായി പെരുമാറുകയും ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. കാട്ടാക്കട സ്വദേശിയായ സ്ത്രീ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. രാത്രി പതിനൊന്നരയ്ക്ക് ശേഷമായിരുന്നു സംഭവം. പേയാട് നിന്നു കുറ്റിച്ചൽ ഭാഗത്തേക്ക് സ്‌കൂട്ടറിൽ വരികയായിരുന്ന അമ്മയ്ക്കും രണ്ട് ആൺമക്കൾക്കും നേരെയാണ് യുവാക്കളിൽ നിന്ന് ദുരനുഭവമുണ്ടായത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘം കൂകിവിളിച്ച് സ്‌കൂട്ടറിന്റെ പിന്നാലെ കൂടി.
ഇത് ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മിൽ തർക്കമായി. തർക്കം മൂത്തതിനു പിന്നാലെയായിരുന്നു ആക്രമണം. പൊലീസിൽ പരാതി നൽകിയാൽ കൊലപ്പെടുത്തും എന്നുവരെ അക്രമികൾ ഭീഷണിപ്പെടുത്തിയതായി കുടുംബം പറയുന്നു. അതേസമയം, ബൈക്കിലെത്തിയവരെ കൂടാതെ മറ്റൊരു അക്രമിസംഘവും കാറിൽ എത്തി ശല്യം ചെയ്തതായും പരാതിക്കാർ പറയുന്നു. അക്രമി സംഘത്തിലെ ബാക്കിയുള്ളവർക്കായി അന്വേഷണം തുടരുകയാണ്. അക്രമത്തിൽ പരിക്കേറ്റ സഹോദരങ്ങൾ തിരുവനന്തപുരം ജനറൽ ആശുത്രിയിൽ ചികിത്സ തേടി.