election

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിൽ അംഗങ്ങളുടെ എണ്ണം ഒന്ന് വീതം കൂട്ടാനുള്ള ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓർഡിനൻസിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അംഗങ്ങളുടെ എണ്ണം 13ൽ കുറയാനോ 23ൽ കൂടാനോ പാടില്ലെന്ന നിബന്ധന മാറ്റി 14 മുതൽ 24വരെ എന്നാക്കും. ജില്ലാപഞ്ചായത്തിൽ അംഗങ്ങളുടെ എണ്ണം 16 ൽ കുറയാനോ 32 ൽ കൂടാനോ പാടില്ല എന്നത് 17 മുതൽ 33 വരെ എന്നുമാക്കും.

മുനിസിപ്പൽ കൗൺസിലിലും ടൗൺ പഞ്ചായത്തിലും ഇരുപതിനായിരത്തിൽ കവിയാത്ത ജനസംഖ്യയ്ക്ക് 25ഉം ഇരുപതിനായിരത്തിൽ കവിയുന്ന ജനസംഖ്യയ്ക്ക് പരമാവധി 52ഉം അംഗങ്ങളെന്ന വ്യവസ്ഥയ്ക്ക് വിധേയമായി ആദ്യത്തെ ഇരുപതിനായിരത്തിന് 25 ഉം കവിയുന്ന ഓരോ രണ്ടായിരത്തിഅഞ്ഞൂറ് പേർക്ക് ഓരോന്ന് വീതവുമാണ് വർദ്ധിക്കുക. നിലവിൽ 25 അംഗങ്ങളുള്ള മുനിസിപ്പൽ കൗൺസിലിൽ 26 പേരാകും. പരമാവധി 52 പേർ എന്നത് 53 ആകും.

നാല് ലക്ഷത്തിൽ കവിയാത്ത കോർപറേഷനിൽ 55 പേരെന്നത് 56 ആകും. നാല് ലക്ഷത്തിലധികം ജനസംഖ്യയുള്ള കോർപറേഷനിൽ പരമാവധി 100 കൗൺസിലർമാരെന്നത് 101 ആകും.

ജനസംഖ്യയ്ക്ക് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ഉദ്ദ്യേശിക്കുന്നത്. ഇതിനായി തദ്ദേശ സ്ഥാപന വാർഡുകളുടെ ഡിവിഷനുകൾ പുനർനിർണയിക്കും. കേരള പഞ്ചായത്തിരാജ് ആക്ടും കേരള മുനിസിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യും.

വാർഡ് പുനർനിർണയം

രണ്ടു കാരണങ്ങളാലാണ് വാർഡ് പുനനിർണയം വേണ്ടിവരുന്നത്. 2001ലെ ജനസംഖ്യയനുസരിച്ച് വാർഡുകളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ള തദ്ദേശസ്ഥാപനങ്ങളിൽ അവ 2011ലെ ജനസംഖ്യാനുപാതികമായി പുനർ നിർണയിക്കേണ്ടിവരും. ഓർഡിനൻസ് പ്രകാരം അംഗസംഖ്യ ഉയർത്തുന്നതിന്റെ ഭാഗമായുള്ള പുനർനിർണയമാണ് ചിലയിടങ്ങളിൽ വേണ്ടിവരിക.