തിരുവനന്തപുരം: നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ എസ്.നമ്പിനാരായണൻ തിരുവനന്തപുരം സബ് കോടതിയിൽ ഫയൽ ചെയ്ത കേസ് ഒത്തുതീർപ്പാക്കാൻ 1.3 കോടി രൂപ നൽകണമെന്ന ശുപാർശ മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചു.
സുപ്രീംകോടതി നിർദ്ദേശപ്രകാരം നൽകിയ 50 ലക്ഷം രൂപയ്‌ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ശുപാർശ ചെയ്ത 10 ലക്ഷം രൂപയ്‌ക്കും പുറമേ ആയിരിക്കും ഇത്. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തയ്യാറാക്കുന്ന ഒത്തുതീർപ്പു കരാർ തിരുവനന്തപുരം സബ്‌കോടതിയിൽ സമർപ്പിക്കാനും കോടതിയുടെ തീരുമാന പ്രകാരം തുടർനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
നമ്പിനാരായണന്റെ കേസ് പരിശോധിക്കാൻ സർക്കാർ നിയോഗിച്ച മുൻ ചീഫ്‌സെക്രട്ടറി കെ. ജയകുമാറിന്റെ ശുപാർശകൾ പരിഗണിച്ചാണ് തീരുമാനം.
മത്സ്യത്തൊഴിലാളി കടങ്ങൾക്ക് മോറട്ടോറിയം നീട്ടി
ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ എടുത്ത കടങ്ങൾക്കുള്ള മോറട്ടോറിയത്തിന്റെ കാലാവധി 2020 ജനുവരി ഒന്ന് മുതൽ 2020 ഡിസംബർ 31 വരെ നീട്ടാൻ തീരുമാനിച്ചു.
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2013 ഏപ്രിൽ ഒന്നിന് മുമ്പ് ജോലിയിൽ പ്രവേശിച്ച അംഗപരിമിതരായ സ്ഥിരം ജീവനക്കാർക്ക് ഇ.പി.എഫ് പെൻഷന് അർഹത ലഭിക്കുന്നതിന് പെൻഷൻ പ്രായപരിധി 60 വയസായി ഉയർത്താനും തീരുമാനിച്ചു.