തിരഞ്ഞെടുപ്പുകളുടെ വർഷമായിരുന്നു 2019. തിരിച്ചടികളുടെയും തിരിച്ചുവരവിന്റെയും ചിത്രങ്ങൾ അപ്പോൾ 2019 നമുക്ക് കാണിച്ചുതരുന്നത് സ്വാഭാവികം. പതിനാറാം ലോക്സഭയിലേക്ക് കേരളം വിധിയെഴുതിയപ്പോൾ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ കൈവന്ന തിളക്കം ഇടതുമുന്നണിക്ക് തീർത്തും നഷ്ടപ്പെട്ടു. 2016ൽ കൈവിട്ടത് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ യു.ഡി.എഫിന് തിളക്കമാർന്ന നിലയിൽ തിരിച്ചുപിടിക്കാനായെങ്കിലും പിന്നാലെ വന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ ആ തിളക്കത്തെ അപ്പാടെ ചോർത്തിക്കളഞ്ഞു. തകർപ്പൻ മുന്നേറ്റത്തോടെ രണ്ടാം ഇന്നിംഗ്സിലേക്ക് നരേന്ദ്രമോദി ടീം രാജ്യത്ത് പ്രവേശിച്ചെങ്കിലും കേരളത്തിൽ ബി.ജെ.പി മുന്നണിക്ക് മേയ് മാസത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായില്ല..
ശബരിമല യുവതീപ്രവേശന വിധിയെ ചൊല്ലിയുയർന്ന വിവാദങ്ങൾ അസ്വസ്ഥത ജനിപ്പിച്ച അന്തരീക്ഷത്തിൽ നിന്ന് 2019ാമാണ്ടിലേക്ക് കേരളം കാലെടുത്ത് വച്ചത്, സംസ്ഥാനസർക്കാരിന്റെ മുൻകൈയിൽ നടന്ന വനിതാമതിൽ കണ്ടുകൊണ്ടായിരുന്നു. പുതുവർഷപ്പിറവിയിൽ സ്ത്രീശക്തിയുടെ വിളംബരമെന്ന് ഇടതുപക്ഷവും സർക്കാരും വിശേഷിപ്പിച്ച വനിതാമതിൽ വലിയ വിജയമായിരുന്നു. തൊട്ടടുത്ത ദിവസം രണ്ട് യുവതികൾ ശബരിമല സന്നിധാനത്ത് പ്രവേശിച്ചതോടെ, വിവാദത്തെ ആളിക്കത്തിച്ചു. സംഘപരിവാറും എൻ.എസ്.എസും ശബരിമല കർമ്മസമിതിയും ഒപ്പം യു.ഡി.എഫുമെല്ലാം പ്രതിഷേധം കനപ്പിച്ച് സംസ്ഥാന രാഷ്ട്രീയാന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കി.
പിന്നാലെയെത്തിയ തിരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് ഇതിന്റെ രാഷ്ട്രീയ അനുരണനങ്ങൾ അലയടിക്കാതിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനപ്രീതിയുള്ള നിയമസഭാംഗങ്ങളെ പരീക്ഷിച്ച് എങ്ങനെയും വിജയം കൈപ്പിടിയിലൊതുക്കാൻ ഇരുമുന്നണികളും ശ്രമിച്ചപ്പോൾ കളത്തിലിറങ്ങേണ്ടി വന്നത് ഒമ്പത് സിറ്റിംഗ് എം.എൽ.എമാർക്ക്. അതിൽ വിജയം കണ്ടത് നാലുപേർ. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ മാസ് എൻട്രിയോടെ കോൺഗ്രസിന്റെ കേരളത്തിലെ പോരാട്ടവും ദേശീയശ്രദ്ധാകേന്ദ്രമായി. കേരള രാഷ്ട്രീയത്തിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന, അമ്പത് വർഷക്കാലം നിയമസഭയിൽ നിറഞ്ഞുനിന്ന, കെ.എം. മാണിയുടെ വിയോഗം 2019ന്റെ വലിയ നഷ്ടമായി. 2018ലെ മഹാപ്രളയത്തിന്റെ തുടർച്ചയായി 2019ലെ ഓണക്കാലത്തെയും മഥിച്ചുകളഞ്ഞത് പ്രളയദുരന്തം.
വനിതാ മതിൽ, ശബരിമല യുവതീപ്രവേശം
2019 ജനുവരി ഒന്നിന് സംസ്ഥാനസർക്കാർ മുൻകൈയിൽ നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ മതിലായിരുന്നു പോയ വർഷത്തെ രാഷ്ട്രീയകാഹളം മുഴക്കിയത്. കാസർകോട് തൊട്ട് തിരുവനന്തപുരത്ത് വെള്ളയമ്പലം അയ്യങ്കാളി സ്ക്വയർ വരെ നീണ്ടുനിന്ന വനിതാ മതിൽ, വനിതകളുടെ കൈകോർക്കലിലൂടെ ചരിത്രസംഭവമായി.
കനകദുർഗ്ഗ, ബിന്ദു അമ്മിണി എന്നിവരാണ് വനിതാമതിൽ നടന്നതിന്റെ അടുത്ത ദിവസം ശബരിമല സന്നിധാനത്തെത്തി അയ്യപ്പദർശനം നടത്തിയത്. 2018 സെപ്തംബർ 28ലെ സുപ്രീംകോടതി വിധി ഇതിലൂടെ നടപ്പാവുകയായിരുന്നു. ഈ സംഭവത്തോടെ വനിതാമതിലിൽ നിന്ന് ചർച്ച യുവതീപ്രവേശനത്തിലേക്ക് വീണ്ടും വഴിമാറി. അത് വലിയ രാഷ്ട്രീയകോലാഹലത്തിലേക്ക് നീങ്ങി. മകരവിളക്ക് അവസാനിച്ച് ശബരിമലനട അടച്ചശേഷം മെല്ലെ, മെല്ലെ കോലാഹലങ്ങൾക്ക് അറുതിയായെങ്കിലും ലോക്സഭാ പ്രചാരണവേളയിൽ യു.ഡി.എഫും എൻ.ഡി.എയും ഇത് ശക്തമായ രാഷ്ട്രീയായുധമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പും രാഹുൽ ഗാന്ധിയും
2019 മേയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ രാഹുൽഗാന്ധി സ്ഥാനാർത്ഥിയായെത്തിയത് നാടകീയമായിട്ടായിരുന്നു. ടി. സിദ്ദിഖിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചശേഷം വൈകിയായിരുന്നു രാഹുലിന്റെ രംഗപ്രവേശം. കേരള നേതൃത്വവും എ.കെ. ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കളും നിർബന്ധിച്ച് രാഹുലിനെ വയനാട്ടിലിറക്കിയെന്നായിരുന്നു പ്രചരിച്ച കഥ. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം രാജ്യത്തിന് നല്ല സന്ദേശമല്ല നൽകുകയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും പിന്നീട് സി.പി.എം നേതൃത്വത്തിന്റെയാകെയും വിമർശനങ്ങളുയർന്നതോടെ ചർച്ച അതിലേക്ക് വഴിമാറി. അമേത്തിയിൽ പരാജയഭീതി മണത്താണ് രാഹുലെത്തുന്നതെന്ന് ആക്ഷേപിച്ച് ബി.ജെ.പി പ്രചാരണം കടുപ്പിച്ചു. എൻ.ഡി.എയിൽ നിന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി രാഹുലിനെ എതിരിടാനെത്തി. സി.പി.ഐയിലെ പി.പി. സുനീർ ആയിരുന്നു ഇടത് എതിരാളി. കാലേകൂട്ടി പ്രചാരണമാരംഭിച്ച ഇടതുമുന്നണിക്കായി മുഖ്യമന്ത്രി അടക്കമുള്ളവർ വാശിയോടെ പ്രചാരണരംഗത്തിറങ്ങിയപ്പോൾ വയനാട് ഇളകിമറിഞ്ഞു. പക്ഷേ സംസ്ഥാനചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് രാഹുൽ വിജയശ്രീലാളിതനായത്. അമേത്തിയിൽ പക്ഷേ രാഹുലിന് അടിയറവ് പറയേണ്ടിയും വന്നു, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട്.
കെ.എം. മാണി
ശ്വാസകോശ അണുബാധ മൂർച്ഛിച്ച് കേരള കോൺഗ്രസ് നേതാവും കേരളരാഷ്ട്രീയത്തിലെ അതികായനുമായിരുന്ന കെ.എം. മാണി അന്തരിച്ചത് 2019 ഏപ്രിൽ 9നാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം മൂർദ്ധന്യത്തിലെത്തി നിൽക്കുമ്പോൾ. യു.ഡി.എഫ് ഒരു ദിവസം പ്രചരണം നിറുത്തിവച്ച് അദ്ദേഹത്തിന് അന്ത്യാഞ്ജലിയേകി.
പിളർന്ന് കേരള കോൺഗ്രസ്
കെ.എം. മാണിയുടെ വിയോഗത്തിന് ശേഷം കേരള കോൺഗ്രസ്-മാണി ഗ്രൂപ്പിന്റെ അമരക്കാരനാരാകണമെന്ന തർക്കത്തിൽ പി.ജെ. ജോസഫും മാണിയുടെ മകൻ ജോസ് കെ.മാണിയും ഇടഞ്ഞതോടെ ഇരുപാർട്ടികളും പിളർപ്പിന്റെ വക്കിലേക്ക് നീങ്ങി. പുറത്ത് പിളർപ്പ്നാടകങ്ങൾ അരങ്ങേറിയപ്പോഴും നിയമസഭയിൽ ജോസഫിന്റെ നേതൃത്വം അംഗീകരിച്ച് മറുചേരിയിലെ എം.എൽ.എമാരും ഇറങ്ങിപ്പോക്കിലടക്കം പങ്കെടുത്തത് കൗതുകക്കാഴ്ചയായി.
ആറ് ഉപതിരഞ്ഞെടുപ്പുകൾ
ആറ്റിങ്ങലിൽ നിന്ന് അടൂർ പ്രകാശും വടകരയിൽ നിന്ന് കെ. മുരളീധരനും ആലപ്പുഴയിൽ നിന്ന് എ.എം. ആരിഫും എറണാകുളത്ത് നിന്ന് ഹൈബി ഈഡനും ലോക്സഭയിലേക്ക് ജയിച്ചപ്പോൾ കോന്നി, വട്ടിയൂർക്കാവ്, അരൂർ, എറണാകുളം മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. കെ.എം. മാണിയുടെ വിയോഗം പാലായിലും നേരത്തേ വിടവാങ്ങിയ പി.ബി. അബ്ദുൾറസാഖിന്റെ വിയോഗം മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പുകൾ അനിവാര്യമാക്കി. ആദ്യപരീക്ഷണം പാലായിലായിരുന്നു. അവിടെ മാണിഗ്രൂപ്പിലെ ജോസ്, ജോസഫ് പക്ഷങ്ങളുടെ തർക്കം സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം പോലും നഷ്ടപ്പെടുത്തി. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ജോസഫിനെ ഒരുവിഭാഗം കൂവിവിളിച്ചു. അട്ടിമറിവിജയത്തോടെ എൻ.സി.പിയിലെ മാണി സി.കാപ്പൻ നിയമസഭയിലെത്തി.
വട്ടിയൂർക്കാവിലും കോന്നിയിലും കോൺഗ്രസ് കുത്തക തകർത്ത് സി.പി.എം സ്ഥാനാർത്ഥികളായ വി.കെ. പ്രശാന്തും ജനീഷ് കുമാറും ജയന്റ് കില്ലർമാരായി. കോൺഗ്രസിന് പടലപ്പിണക്കവും വിനയായി. എറണാകുളത്ത് കോൺഗ്രസിന്റെ ലീഡ് കുറയ്ക്കാനായി. ലോക്സഭയിലേറ്റ തിരിച്ചടിയിൽ നിന്ന് തിരിച്ചുവരവിന്റെ പാത അവർക്ക് തുറന്നുകിട്ടി. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് പരസ്യമായി യു.ഡി.എഫിനായി പ്രചാരണത്തിനിറങ്ങിയത് വിവാദമായി.
വീണ്ടുവിചാരം
ലോക്സഭാതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശബരിമലവിവാദവും കാരണമായെന്ന് സി.പി.എമ്മും ഇടതുമുന്നണിയും വിലയിരുത്തി. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ തന്നെ നേതൃത്വത്തിൽ ഗൃഹസന്ദർശനത്തിലേർപ്പെട്ടു. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് എതിരാക്കി മാറ്റിയെന്നായിരുന്നു സി.പി.എം നിലപാട്. ഉപതിരഞ്ഞെടുപ്പുകളിൽ എതിർപക്ഷം ശബരിമല എടുത്തുപയറ്റാൻ ശ്രമിച്ചെങ്കിലും കാര്യമായി വിജയിച്ചില്ല. പിന്നീട് യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട റിവ്യുഹർജികൾ വിശാലബെഞ്ചിന് സുപ്രീംകോടതി വിട്ടപ്പോൾ, ഇനി തത്കാലം വിധി നടപ്പാക്കേണ്ടതില്ലെന്ന നിലയിലേക്ക് സി.പി.എം മാറി.
സി.പി.ഐ എം.എൽ.എയ്ക്ക് പൊലീസ് മർദ്ദനം
ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സി.പി.ഐയുടെ എറണാകുളം ഐ.ജി ഓഫീസ് മാർച്ച് നടന്നത് മറ്റൊരു രാഷ്ട്രീയവിവാദത്തിന് വിത്തുപാകി. പൊലീസ് ലാത്തിച്ചാർജിൽ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമിന് സാരമായി പരിക്കേറ്റിട്ടും പൊലീസിനെതിരെ രൂക്ഷമായി രംഗത്ത് വരാൻ സംസ്ഥാനനേതൃത്വം തയ്യാറായില്ലെന്ന വിമർശനം സി.പി.ഐയിലുണ്ടായി. പിന്നീട്, ചില പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടി വന്നതോടെ വിവാദം ആറിത്തണുത്തു.
മാവോയിസ്റ്റ് വേട്ട
ഒക്ടോബറിൽ, അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ ഏഴ് മാവോയിസ്റ്റുകൾ പൊലീസ് തണ്ടർബോൾട്ടിന്റെ വെടിയേറ്റ് മരിച്ചത് ഭരണകൂടഭീകരതയെന്ന് പറഞ്ഞ് സി.പി.ഐ രംഗത്തെത്തി. മാവോയിസ്റ്റുകൾ വെടിവച്ചപ്പോൾ തണ്ടർബോൾട്ട് തിരിച്ച് സ്വയരക്ഷാർത്ഥം വെടിയുതിർത്തതെന്നായിരുന്നു പൊലീസിന്റെയും സർക്കാരിന്റെയും വാദം. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചു. സി.പി.ഐയുടെ സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ്ബാബുവിന്റെ നേതൃത്വത്തിലുള്ള നേതൃസംഘം സ്ഥലം സന്ദർശിച്ച് അത് വ്യാജഏറ്റുമുട്ടലാണെന്ന് പറഞ്ഞു. മുഖ്യമന്ത്രിക്ക് റിപ്പോർട്ടും നൽകി.
യു.എ.പി.എ
കോഴിക്കോട് പന്തീരാങ്കാവിൽ സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത് നവംബർ ആദ്യം. ഇവർ മാവോയിസ്റ്റുകളാണെന്നായി സർക്കാർ. സി.പി.എം പി.ബി അംഗങ്ങളുൾപ്പെടെ യു.എ.പി.എ അറസ്റ്റിനെതിരെ രംഗത്തെത്തിയെങ്കിലും പിന്നീട് അവരും സ്വരം മയപ്പെടുത്തി പിന്മാറി. യു.എ.പി.എ കരിനിയമമെന്ന നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, യുവാക്കളുടെ അറസ്റ്റിനെ ന്യായീകരിച്ചത് മാവോയിസ്റ്റുകളാണ് അവരെന്ന് പറഞ്ഞാണ്. എന്നാലിപ്പോൾ കേസ് എൻ.ഐ.എ ഏറ്റെടുത്തതോടെ അലന്റെ മാതാവ് വിമർശനവുമായി രംഗത്തെത്തി. വിവാദമിപ്പോൾ കനക്കുകയാണ്.
പൗരത്വഭേദഗതി നിയമവും സംയുക്തസമരവും
ഏറ്റവുമൊടുവിൽ കേന്ദ്രസർക്കാരിന്റെ പൗരത്വനിയമഭേദഗതിക്കെതിരെ ഭരണ, പ്രതിപക്ഷങ്ങൾ തിരുവനന്തപുരത്ത് രക്തസാക്ഷിമണ്ഡപത്തിന് മുന്നിൽ സംയുക്തസത്യഗ്രഹമിരിക്കുന്നത് സംസ്ഥാനം കൗതുകത്തോടെ വീക്ഷിച്ചു. ഇതേച്ചൊല്ലി കോൺഗ്രസിനകത്തും യു.ഡി.എഫിനകത്തും അസ്വസ്ഥതകളുയർന്നു. സി.പി.എമ്മിനൊപ്പം ചേർന്ന് സംയുക്തസമരമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തീർത്തുപറഞ്ഞു. ഇത് നിയമസഭയിലെ കക്ഷികൾ മാത്രം പങ്കെടുത്ത സമരമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നിബെഹനാനും പറഞ്ഞു. ആർ.എസ്.പി, സി.എം.പി തുടങ്ങിയവരും അതൃപ്തരായുണ്ടായിരുന്നു. എന്നാൽ സംയുക്തസമരം ഇനിയും വേണമെന്ന നിലപാടിലായിരുന്നു മുസ്ലിംലീഗ്.ജനസംഖ്യാരജിസ്റ്റർ പുതുക്കൽ നടപടി കേരളത്തിൽ നിറുത്തുന്നതായും പൗരത്വനിയമം ഇവിടെ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനെതിരെ ബി.ജെ.പിയും രംഗത്തെത്തി.
പൗരത്വനിയമത്തിൽ ഇടതുമുന്നണി ജനുവരി 26ന് മനുഷ്യച്ചങ്ങല പ്രഖ്യാപിച്ചിരിക്കുകയാണ്. കോൺഗ്രസും വിവിധങ്ങളായ പരിപാടികളുമായി രംഗത്തുണ്ട്. പുതുവർഷത്തിലേക്ക് കടക്കുന്നത് ഇവരുടെ ശക്തിപരീക്ഷണങ്ങൾ കണ്ടുകൊണ്ടാകും കേരളം.