police

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഒരു ഡസനോളം പൊലീസുദ്യോഗസ്ഥർക്ക് മണ്ണ്-റിയൽ എസ്റ്റേറ്റ് മാഫിയ സംഘങ്ങളുമായി വഴിവിട്ട ബന്ധമുണ്ടെന്ന് കണ്ടെത്തിയ വിജിലൻസ് റിപ്പോർട്ടിനെതുടർന്ന് ആരോപണവിധേയനായ സി.ഐയെ സ്ഥലം മാറ്റി. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ മണ്ണ് മാഫിയയിൽ നിന്ന് പണം പിരിച്ച് വീതം വച്ചിരുന്ന എ.എസ്.ഐയെ സസ്പെൻഡ് ചെയ്തു.

നഗരത്തിലെ കരമന, തമ്പാനൂർ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുദ്യോഗസ്ഥർക്ക് റിയൽ എസ്റ്റേറ്റ് - മണ്ണ് കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തെപ്പറ്റി വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ എസ്.പി കെ.ഇ ബൈജു വിജിലൻസ് എ.ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കരമന പൊലീസ് സ്റ്റേഷനിൽ വിജിലൻസ് പരിശോധന നടന്നതിന് പിന്നാലെ കരമന സി.ഐയായിരുന്ന ഷാജിമോനെ സിറ്റി ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു. വിജിലൻസ് റിപ്പോർട്ട് ലഭിച്ചശേഷമാണ് തമ്പാനൂരിലെ എ.എസ്.ഐ സുരേഷ് കുമാറിനെ ഇന്നലെ സസ്പെൻഡ് ചെയ്തത്. നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിൽ തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഫ്ളാറ്റ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ മണ്ണെടുപ്പ് നടത്തിയിരുന്നത്. കരമന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കരമനയാറിന്റെ തീരങ്ങളും മറ്റ് നീർത്തടങ്ങളും നികത്താനാണ് ഇവ അധികവും ഉപയോഗിച്ചിരുന്നത്. നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മണ്ണ് ലോറികൾ കടന്നുപോയിരുന്നതും കരമന വഴിയാണ്. മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ അനധികൃതമായി കടത്തിക്കൊണ്ടിരുന്ന ലോഡുകൾ പിടികൂടാൻ തയ്യാറാകാതിരുന്നതാണ് കരമന പൊലീസിനെ സംശയനിഴലിലാക്കിയത്. വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കുകയും ദുരൂഹമരണങ്ങളുണ്ടാകുകയും ചെയ്ത കരമന കാലടി കൂടത്തിൽ തറവാട്ടിലെ സംഭവവികാസങ്ങളിലെ അന്വേഷണത്തിൽ കരമന പൊലീസ് വേണ്ടത്ര ജാഗ്രത കാട്ടാതിരുന്നതിന് പിന്നിലും റിയൽ എസ്റ്റേറ്ര് മാഫിയയുടെ സ്വാധീനമാണെന്ന ആരോപണമുണ്ടായിരുന്നു.

ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ചാണ് വിജിലൻസ് കരമന സ്റ്റേഷനിൽ പരിശോധന നടത്തിയത്. വാഹന പരിശോധനയ്ക്കിടെ പിടികൂടിയ ടിപ്പറുകൾക്കെല്ലാം നിസാര പിഴ ചുമത്തി വിട്ടയച്ചതാണ് കരമന പൊലീസിന് പാരയായത്. രാത്രികാലങ്ങളിൽ ലോഡ് കണക്കിന് മണ്ണ് കടന്നുപോയിട്ടും ഒരു ലോഡ് പോലും ഇവിടങ്ങളിൽ നൈറ്റ് പട്രോൾ ഡ്യൂട്ടി നോക്കിയിരുന്നവർ പിടികൂടാതിരുന്നതും പണിയായി. കരമന, തമ്പാനൂർ പൊലീസ് സ്റ്റേഷനുകൾക്ക് പുറമേ ഫോർട്ട്, കന്റോൺമെന്റ്, കൺട്രോൾ റൂം എന്നിവിടങ്ങളിലെ ഓഫീസർമാരുൾപ്പെടെ ഒരു ഡസനോളം പൊലീസുകാർക്കും മാഫിയ ബന്ധമുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്.