ചിറയിൻകീഴ്: അഴൂർ ലസ്ക ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് അഖില കേരള വടംവലി മത്സരത്തിൽ ഹെർക്കുലീസ് വെമ്പായം വിജയികളായി. ഫൈനൽ മത്സരത്തിൽ വൈ.എസ്.വി ഞാണ്ടൂർക്കോണത്തെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഹെർക്കുലീസ് വെമ്പായം വിജയികളായത്. മത്സരത്തിന്റെ ഉദ്ഘാടനം ചിറയിൻകീഴ് എസ്.എച്ച്.ഒ എച്ച്.എൽ സജീഷ് നിർവഹിച്ചു. സഞ്ജു സുന്ദരന്റെ അദ്ധ്യക്ഷതയിൽ ഒന്നാം സൗത്ത് ഏഷ്യൻ പെസപ്പെല്ലോ 2018 -19 ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എസ്. ഷിയാസിനെയും, എസ്.യു. ആദർഷിനെയും സജീഷ് ആദരിച്ചു. രാജേഷ്, വിഷ്ണു, നിഹാസ്, രശോബ്, സിദ്ധിഖ് തുടങ്ങിയവർ സംസാരിച്ചു. മുപ്പത് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയ ഹെർക്കുലീസ് വെമ്പായത്തിന് പതിനായിരം രൂപയും രണ്ടാം സ്ഥാനം നേടിയ വൈ.എസ്.വി ഞാണ്ടൂർക്കോണത്തിന് എണ്ണായിരം രൂപയും മൂന്നാം സ്ഥാനം നേടിയ ഇ.എൻ.ആർ കിളിമാനൂരിന് ആറായിരം രൂപയും നാലാം സ്ഥാനം നേടിയ അയോധ്യ കിളിമാനൂരിന് നാലായിരം രൂപയും കൂടാതെ ട്രോഫികളും തുടർന്നുള്ള പന്ത്രണ്ടാം സ്ഥാനം വരെ നേടിയ ടീമുകൾക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും വിതരണം ചെയ്തു.