റെയിൽവേക്ക് ഇപ്പോൾ തനതു ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിക്കാറില്ല. പൊതു ബഡ്ജറ്റിൽ റെയിൽവേ ബഡ്ജറ്റ് കൂടി ഉൾപ്പെടുത്തുകയാണു ചെയ്യുന്നത്. അല്ലെങ്കിൽത്തന്നെ റെയിൽവേ യാത്ര - ചരക്കു കൂലി വർദ്ധന ബഡ്ജറ്റിന്റെ ഭാഗമാകാറില്ലതാനും. വർഷത്തിൽ ഏത് സമയത്തും നിരക്കു വർദ്ധന നടപ്പിലാക്കുന്ന രീതിയാണിപ്പോൾ. കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കാൻ രണ്ടുമാസം കൂടി ഉണ്ടെങ്കിലും നിരക്കു വർദ്ധനയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ടിക്കറ്റ് നിരക്കുകൾക്കൊപ്പം ചരക്കു കൂലിയിലും വർദ്ധന വരുത്താനൊരുങ്ങുകയാണ് റെയിൽവേ. കുതിച്ചുകയറുന്ന ചെലവ് നേരിടാൻ ഇതല്ലാതെ വഴിയില്ലെന്നാണു പറയുന്നത്. യാത്രാനിരക്കിൽ പത്തു ശതമാനം മുതൽ ഇരുപതു ശതമാനം വരെ വർദ്ധന വരുത്താനാണത്രെ ആലോചന. എല്ലാ ക്ളാസിനും ബാധകമാകും വിധത്തിലാകും നിരക്കു വർദ്ധനയെന്നും കേൾക്കുന്നു.
ഒരു വിഭാഗത്തെ മാത്രം ഒഴിച്ചുനിറുത്തുന്നതു ശരിയല്ലല്ലോ. പൊതു ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനു മുൻപ് തന്നെ റെയിൽവേ നിരക്ക് വർദ്ധന പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ആലോചന. പുതുവർഷം അങ്ങനെ റെയിൽവേ യാത്രക്കാരുടെ കീശ ചോർത്തിക്കൊണ്ടാവും തുടങ്ങുക. പിറകെ മറ്റു മേഖലകളിലും നിരക്കു വർദ്ധന ഉണ്ടായിക്കൂടെന്നില്ല. സർക്കാരുകളുടെ ഭരണച്ചെലവ് ഉയർന്നുയർന്നു പോകുന്തോറും സേവന നിരക്കുകളടക്കം എല്ലാറ്റിനും ജനങ്ങൾ ഉയർന്ന ഫീസ് നൽകാൻ നിർബന്ധിതരാകുന്നത് സ്വാഭാവികമാണ്. ശമ്പള വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് ഇത്തരത്തിലുള്ള നിരക്കു വർദ്ധന വലിയ ഭാരമാകില്ലെങ്കിലും സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അധിക ഭാരം തന്നെയാകും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റമുൾപ്പെടെ ജീവിതച്ചെലവുകൾ കുതിച്ചുയരുന്നതിനിടയിൽ ട്രെയിൻ - ബസ് നിരക്കുകൾ കൂടി വർദ്ധിച്ചാലുണ്ടാകാവുന്ന ദുരിതം അസഹനീയം തന്നെയാണ്.
ഏറ്റവും ചെലവു കുറഞ്ഞ യാത്രാമാർഗം എന്ന നിലയിലാണ് റെയിൽവേ ജനങ്ങളെ സേവിച്ചു വരുന്നത്. പ്രവർത്തനച്ചെലവിലുണ്ടാകുന്ന വർദ്ധന നേരിടാൻ പാകത്തിൽ വരുമാനം വർദ്ധിക്കുന്നില്ല. നിരക്കു വർദ്ധന അനിവാര്യമാകുന്നത് അതുകൊണ്ടാണെന്ന് റെയിൽവേ വിശദീകരിക്കുന്നുണ്ട്. ഏപ്രിൽ ഒന്നിനും ഒക്ടോബർ 31-നുമിടയ്ക്കുള്ള ആറുമാസം 1.18 ലക്ഷം കോടി രൂപയാണ് വരവു പ്രതീക്ഷിച്ചത്. എന്നാൽ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. പ്രതീക്ഷിച്ചതിനെക്കാൾ 19412 കോടി രൂപയുടെ കുറവാണ് നേരിട്ടത്. വരവും ചെലവും തമ്മിലുള്ള ഈ പൊരുത്തക്കേട് രണ്ടാം പാദത്തിലും ആവർത്തിക്കാനാണു സാദ്ധ്യത. ലക്ഷക്കണക്കിനു വരുന്ന ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകളിൽ കൃത്യമായി നിയമനം നടന്നിരുന്നുവെങ്കിൽ പ്രവർത്തനച്ചെലവ് ഇപ്പോഴത്തെക്കാൾ കൂടുമായിരുന്നു. ഉള്ള ജീവനക്കാരെ വച്ചു തന്നെ അധിക ജോലി ചെയ്യിച്ചാണ് റെയിൽവേ മുന്നോട്ടുപോകുന്നത്. ജീവനക്കാരിൽ നിന്ന് ഇതിനെതിരെ വൻ പ്രതിഷേധം ഉയരാറുണ്ട്. അതൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ് റെയിൽവേ.
പുതിയ പാതകൾക്കും സർവീസുകൾക്കും വേണ്ടിയുള്ള മുറവിളി രാജ്യമൊട്ടാകെ ഉണ്ട്. വിഭവ ദാരിദ്ര്യം കാരണം വികസന പദ്ധതികൾ പലതും മുടന്തുന്ന അവസ്ഥയിലാണ്. കേരളം പോലുള്ള കൊച്ചു സംസ്ഥാനങ്ങളുടെ എല്ലാ ആവശ്യങ്ങളും അവഗണിക്കുകയാണ് റെയിൽവേ. ഇരുപതും മുപ്പതും കൊല്ലത്തെ പഴക്കമുള്ള വാഗ്ദാനങ്ങൾ പോലും നടപ്പിലാക്കാതെ കിടക്കുകയാണ്. ഏറെക്കാലമായി കാത്തിരിക്കുന്ന ശബരി പാതയും, ഗുരുവായൂർ - തിരുനാവായ പാതയും, നിലമ്പൂർ - തലശേരി - മൈസൂരു പാതയും ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണിപ്പോൾ. ഭൂമി ഏറ്റെടുത്തു നൽകാത്തതാണ് കാരണമെന്നാണു റെയിൽവേയുടെ നിലപാട്. സംസ്ഥാന സർക്കാരാകട്ടെ ഈ പ്രശ്നത്തിൽ അനുകൂല നിലപാടെടുക്കാതെ നിൽക്കുകയാണ്.
ടിക്കറ്റ് നിരക്ക് വർദ്ധനയ്ക്കു മുന്നേ ട്രെയിനുകളിലും സ്റ്റേഷനുകളിലും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾക്കെല്ലാം വില കൂട്ടിക്കഴിഞ്ഞു. ഇതിലും മലയാളികൾക്കാണ് കൂടുതൽ അധികച്ചെലവുണ്ടാകാൻ പോകുന്നത്. ദീർഘദൂര യാത്രക്കാരിൽ നല്ലൊരു വിഭാഗം മലയാളികളാണല്ലോ. ട്രെയിനുകൾ വിവിധ ഇനം തിരിച്ച് അധിക നിരക്ക് ഈടാക്കുന്ന രീതി വന്നതോടെ ആ ഇനത്തിലും അധിക ഭാരം താങ്ങേണ്ടിവരാറുണ്ട്. പുതിയ നിരക്കു വർദ്ധന കൂടിയാകുമ്പോൾ ട്രെയിൻ യാത്ര ഏറെ ചെലവേറിയതാകും. ഇങ്ങനെയൊക്കെയാണെങ്കിലും സംസ്ഥാനത്തിനുള്ളിലെ ബസ് നിരക്കുകളുമായി താരതമ്യപ്പെടുത്തിയാൽ ട്രെയിൻ യാത്ര തന്നെയാകും ഏറെ ലാഭകരം. ബസ് ടിക്കറ്റിന്റെ പകുതി പോലും വേണ്ടിവരില്ല ട്രെയിനിൽ ലക്ഷ്യത്തിലെത്താൻ. വസൂലാക്കുന്ന നിരക്കിന് ആനുപാതികമായ സേവനം ലഭിക്കാത്തതാണ് റെയിൽവേക്കെതിരെ ഉയരുന്ന പ്രധാന പരാതി. യാത്രക്കൂലി അല്പം കൂടിയാലും സമയക്രമം പാലിച്ച് സുഗമമായ യാത്ര ഉറപ്പാക്കാൻ കഴിഞ്ഞാൽ യാത്രക്കാർ സന്തുഷ്ടരാകും. പ്രഖ്യാപിക്കപ്പെട്ട വികസന പദ്ധതികളെങ്കിലും വേഗം പൂർത്തിയാക്കാനും നടപടി ഉണ്ടാകണം. കേരളത്തിൽ പതിറ്റാണ്ടുകൾക്കു മുൻപേ തുടങ്ങിയ ഇരട്ടപ്പാത നിർമ്മാണം ഉദാഹരണമാണ്.