തിരുവനന്തപുരം: രണ്ടാമത് ലോക കേരള സഭയ്ക്കു മുന്നോടിയായി പ്രവാസി മലയാളി മാദ്ധ്യമപ്രവർത്തകർ തലസ്ഥാനത്ത് സംഗമിക്കുന്നു. നവകേരള നിർമ്മിതിയിൽ പ്രവാസി മാദ്ധ്യമ സമൂഹത്തിന്റെ പങ്കാളിത്തത്തിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി സംഘടിപ്പിക്കുന്ന ലോക കേരള മാദ്ധ്യമസഭ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ 30 ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കേരള മീഡിയ അക്കാഡമി ചെയർമാർ ആർ.എസ്.ബാബുവും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ കെ.വരദരാജനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും നോർക്കയുടെയും സഹകരണത്തോടെ കേരള മീഡിയ അക്കാഡമിയാണ് സംഗമം സംഘടിപ്പിക്കുന്നത്. കേരളത്തിനു പുറത്തും വിദേശത്തും ജോലിചെയ്യുന്ന മലയാളി മാദ്ധ്യമപ്രവർത്തകരാണ് മാദ്ധ്യമസഭയിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ലോക കേരള സഭയുടെ സമീപനരേഖ പ്രവാസി ചലച്ചിത്ര സംവിധായകൻ സോഹൻ റോയിക്കു നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്യും. തോമസ് ജേക്കബ്, ഡോ.സെബാസ്റ്റ്യൻ പോൾ, സന്തോഷ് ജോർജ് കുളങ്ങര എന്നിവർ വിവിധ ചർച്ചകളിൽ മോഡറേറ്റർമാരാവും.
വൈകിട്ട് സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യ പ്രസ്‌ക്ലബ് ഒഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് ഡോ.ജോർജ് എം. കാക്കനാട്ടിന്റെ ഡെഡ്‌ലൈൻ എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പ്രഭാവർമ്മ നിർവഹിക്കും. മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, മീഡിയ അക്കാഡമി വൈസ് ചെയർമാനും കേരളകൗമുദി ചീഫ് എഡിറ്ററുമായ ദീപു രവി, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവൻ, പി.ആർ.ഡി സെക്രട്ടറി പി.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.
മാദ്ധ്യമസഭയ്ക്ക് മുന്നോടിയായി പ്രവാസജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ചിത്രങ്ങളും രേഖകളും വിഡിയോകളും അടങ്ങിയ മൾട്ടീമീഡിയ പ്രദർശനം നാളെ മുതൽ 31 വരെ അയ്യങ്കാളി ഹാളിൽ നടക്കും. പ്രശസ്ത വനിതാ ഫോട്ടോഗ്രാഫർ സരസ്വതി ചക്രബർത്തി 29ന് വൈകിട്ട് 3ന് പ്രദർശനം ഉദ്ഘാടനം ചെയ്യും.