തിരുവനന്തപുരം: സേനയുടെ അന്തസ് കാത്തുസൂക്ഷിക്കാൻ കരസേനാ മേധാവി രാഷ്ട്രീയ പ്രസ്താവന പിൻവലിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രസ്താവന നടത്താൻ ഇത് പാകിസ്ഥാൻ സേനയല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ രാജ്യവിരുദ്ധരായി പ്രഖ്യാപിച്ചാൽ വിലപ്പോവില്ല. നിയമത്തിനെതിരെ കോൺഗ്രസ് സമരവുമായി മുന്നോട്ടുപോകും. 28-ന് എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പതാകയുമേന്തി ഫ്ലാഗ് മാർച്ച് നടത്തും. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം തീരുമാനിക്കുന്നത് അപകടകരമാണ്. ഇതിനെതിരെ സമരം ചെയ്യുന്നവരെ വസ്ത്രം നോക്കിയാൽ തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പദവിക്ക് ചേർന്നതല്ല. രാജ്യം തകർന്നാലും തങ്ങളുടെ പാർട്ടിക്ക് നേട്ടം ഉണ്ടാകണമെന്ന നിലപാടാണ് കേന്ദ്രസർക്കാരിന്. സി.ബി.ഐ, എൻഫോഴ്സ്‌മെൻറ് ഡയറക്ടറേറ്റ്, ഇലക്‌ഷൻ കമ്മിഷൻ, ജുഡിഷ്യറി എന്നിവയെയെല്ലാം വരുതിയിൽ നിറുത്താനുള്ള ഭീഷണി തന്ത്രമാണ് കേന്ദ്രം പ്രയോഗിക്കുന്നത്. സംശയങ്ങൾക്ക് കേന്ദ്രസർക്കാർ വ്യക്തത വരുത്തും വരെ കോൺഗ്രസിന് ഭരണവും ഭരണ പങ്കാളിത്തവുമുള്ള സംസ്ഥാന സർക്കാരുകൾ എൻ.പി.ആർ നടപടികളുമായി സഹകരിക്കില്ല. 2024ന് മുമ്പ് രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷാ പൗരത്വ നിയമത്തിനെതിരായ സമരം നിർവീര്യമാക്കാൻ കള്ളങ്ങൾ പറയുകയാണ്. പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതുമായി ദേശീയ ജനസംഖ്യാ രജിസ്റ്രറിന് ബന്ധമില്ലെന്ന് പൊതുയോഗത്തിലല്ല അദ്ദേഹം പറയേണ്ടത്. പാർലമെൻറിലോ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചോ പറയണം.
സംസ്ഥാനങ്ങളിൽ തടങ്കൽ പാളയങ്ങൾ വേണമെന്ന് 2012ൽ അന്നത്തെ കേന്ദ്രസർക്കാർ പറഞ്ഞത് രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന വിദേശികളെയും ശിക്ഷ കഴിഞ്ഞ് സ്വരാജ്യത്തേക്ക് മടങ്ങാൻ കാത്തിരിക്കുന്ന വിദേശികളെയും പാർപ്പിക്കാനാണ്. അതിനെ ഇപ്പോഴത്തെ കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. . പൗരത്വവിഷയത്തിൽ കേരളഗവർണർ
ആരിഫ് മുഹമ്മദ് ഖാന്റെ അഭിപ്രായം പദവിക്ക് ചേർന്നതല്ല. അതിനെതിരെ സംസ്ഥാന സർക്കാർ കാര്യമായി പ്രതികരിച്ചിട്ടില്ലെന്നും വേണുഗോപാൽ വിമർശിച്ചു.