കിളിമാനൂർ: കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഭൂമി സ്വകാര്യ വ്യക്തിക്ക് വഴി ഒരുക്കാൻ വിട്ടു നൽകി മതിൽ നിർമ്മിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങൾ അരങ്ങേറി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേശവപുരം സി.എച്ച്.സിയിൽ ചുറ്റുമതിൽ നവീകരണത്തിനായി അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും കരാർ ഏറ്റെടുത്ത ആൾ പണി ആരംഭിക്കുകയും ചെയ്തു. എന്നാൽ ബ്ലോക്ക് പഞ്ചായത്തിന്റെ അനുമതിയോ നിർദേശമോ ഇല്ലാതെ നിലവിലുള്ള അതിർത്തി നിർണയിക്കപ്പെട്ടിരുന്ന മതിൽ പൊളിച്ച് മാറ്റി അതിർത്തിയിൽ നിന്നും ഒരു മീറ്ററോളം വീതിയിലും പത്ത് മീറ്റർ നീളത്തിൽ ഉള്ളിലേക്ക് മാറ്റി മതിൽ നിർമ്മിക്കുകയുമായിരുന്നു.
ഇത് ബ്ലോക്ക് പഞ്ചായത്തിലെ ചില മെമ്പറുമാരുടെ അനുവാദത്തോടെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള വഴിയുടെ വീതി കൂട്ടാൻ വേണ്ടിയായിരുന്നു എന്ന് ആക്ഷേപം ഉയർന്നിരുന്നു. സർക്കാർ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് കേരള കൗമുദി വാർത്തയും നൽകിയിരുന്നു. ഇത്തരത്തിൽ മതിൽ നിർമ്മിച്ചത് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും നിർമ്മാണം നിറുത്തി വയ്ക്കാൻ കരാറുകാരനോട് സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് അറിയിക്കുകയും ചെയ്തു.തുടർന്ന് ഇത്തരത്തിൽ സർക്കാർ ഭൂമി കൈയേറി അനധികൃതമായി നിർമ്മാണം നടത്തിയതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കരാറുകാരനോട് അനധികൃതമായി നിർമ്മിച്ച മതിൽ പൊളിച്ചുമാറ്റാനും, പഴയ മതിൽ യഥാസ്ഥാനത്ത് പുനർനിർമ്മിക്കാനുമുള്ള നിർദേശം നൽകുകയും ചെയ്തു. ഇതേ തുടർന്ന് കരാറുകാരൻ അനധികൃതമായി കെട്ടിയ മതിൽ പൊളിക്കുന്നതിന് തൊഴിലാളികളുമായി സ്ഥലത്ത് എത്തിയപ്പോൾ ഒരു സംഘം ആളുകൾ പ്രവൃത്തി തടസപ്പെടുത്തിയെന്ന് കരാരുകാരൻ രേഖാ മൂലം ബ്ലോക്ക് ഓഫീസിൽ പരാതി നൽകി. ഇതേ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് സംഭവസ്ഥലത്ത് എത്തുകയും നഗരൂർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
.കരാറുകാരന്റെ പണി തടസ്സപ്പെടുത്തിയത് ബോധ്യപ്പെട്ടതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പണി പുനർ ആരംഭിക്കുന്നതിന് പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് പോലിസിൽ അപേക്ഷയും നൽകി.