health

അന്തരീക്ഷത്തിൽ തണുപ്പ് കൂടുമ്പോൾ പലരുടെയും പരാതിയാണ് വേദന. മുൻപ് ഉണ്ടായിരുന്ന വേദന ഒറ്റ ദിവസം കൊണ്ട് വളരെ വർദ്ധിക്കുകയോ പുതിയ വേദന ഉണ്ടാവുകയോ ചെയ്യുന്നത് വല്ലാതെ ബുദ്ധിമുട്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.പല രോഗങ്ങളിലും വേദന ഒരു പ്രധാന ലക്ഷണമാണ്. എന്നാൽ നീരും വേദനയും ഒരുമിച്ച് ഉണ്ടാകുമ്പോൾ സന്ധികൾ അനക്കുവാൻ പോലും കഴിയാത്ത അവസ്ഥ ഒരിക്കലെങ്കിലും അനുഭവിച്ചവർ പെട്ടെന്ന് മറക്കാൻ ഇടയില്ല.നല്ല തണുപ്പുള്ള പ്രദേശത്ത് വസിക്കുന്നവർ തണുപ്പ് അധികമായി എൽക്കാതിരിക്കുന്ന വിധത്തിൽ മുൻകരുതലുകൾ സ്വീകരിക്കും.എന്നാൽ കേരളത്തിൽ ഇപ്പോൾ ചില ദിവസങ്ങളിൽ മാത്രവും അത് തന്നെ രാത്രിയുടെ ചില യാമങ്ങളിൽ മാത്രവും ആണ് തണുപ്പ്.

രാത്രി ഭക്ഷണം കഴിച്ച് ഉടനെ ഉറങ്ങുന്നതും, ശരീരം തണുത്തിരിക്കുമ്പോൾ തണുത്ത വെള്ളത്തിൽ കുളിക്കുന്നതും, തണുപ്പ് ഉണ്ടാക്കുന്ന ആഹാരം കൂടുതൽ കഴിക്കുന്നതും, ശരീര ഭാഗങ്ങളിൽ തണുപ്പ് എൽക്കുന്നതും, അമിത അധ്വാനവും വേദന വർധിക്കാൻ കാരണമാകുന്നു.ഡിസംബർ പോലെ തന്നെ ജനുവരി മാസവും തണുപ്പ് ആവർത്തിക്കാനാണ് സാധ്യത.

തണുപ്പ് കാലത്ത് ത്വക്കിന്റെ രൂക്ഷത വർദ്ധിക്കുകയും പാദം വിണ്ടു കീറുകയും, സൈനസൈറ്റിസ് കൂടുകയും ചെയ്യാം. കണ്ണ് ചൊറിച്ചിൽ, തുമ്മൽ, ശ്വാസം മുട്ട് എന്നിവയും തണുപ്പ് കാലത്ത് വർദ്ധിക്കാം.ഇവയിൽ എല്ലാം തന്നെ പല തീവ്രതയിൽ വേദനയും കൂടി ഉണ്ടാകും എന്ന് പറയേണ്ടതില്ലല്ലോ.വേദന തോന്നിയാലുടൻ ചികിത്സകനെ കാണാതെ തോന്നിയ തൈലം വാങ്ങിപുരട്ടി നല്ല പോലെ തിരുമ്മുന്നവരെയും കാണാറുണ്ട്.വേദന വർദ്ധിക്കാൻ ആ ഒരൊറ്റ കാരണം മാത്രം മതിയെന്ന് അറിയുക.വേദനാ സംഹാരികൾ തോന്നിയ പോലെ കഴിക്കുന്നത് ഒരു കാരണവശാലും അനുവദിക്കാൻ പറ്റില്ല .

അപ്പോൾ രണ്ട് മാർഗങ്ങൾ മാത്രമേ നമുക്ക് മുന്നിൽ ഉള്ളു. ഒന്ന്. വേദന വന്നാൽ ഡോക്ടറെ കണ്ട് നിർദേശം തേടുക .
രണ്ട് .അപ്രതീക്ഷിതമായി വേദന വരാതിരിക്കാൻ മേൽപറഞ്ഞ കാരണങ്ങളെ ഒഴിവാക്കുക.