കിളിമാനൂർ: വികസന കുതിപ്പുമായി തട്ടത്തുമല. വിവിധ പദ്ധതികളിലൂടെ പ്രദേശത്ത് 19 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. ബി. സത്യൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും അദ്ദേഹത്തിന്റെ ശ്രമഫലമായി ലഭിച്ച വിവിധ ഫണ്ടുകൾ ഉപയോഗിച്ചുമുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. തിരക്കേറിയ സംസ്ഥാന പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തട്ടത്തുമല ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് റോഡ് മുറിച്ച് കടക്കുക എന്നത് ഭാഗീരഥ പ്രയത്നമായിരുന്നു. തട്ടത്തുമലയിൽ ഒരു മേൽപ്പാലത്തിന്റെ ആവശ്യകത ചൂണ്ടി കാട്ടി കേരള കൗമുദി നിരവധി തവണ വാർത്തയും നൽകിയിരുന്നു. ഇത് എം.എൽ.എ നിയമസഭയിൽ അവതരിപ്പിക്കുകയും, ഇതിന്റെ പoനത്തിനായി സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മേൽപ്പാലത്തിന് അനുമതി ലഭിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തു. ഇത്തരത്തിൽ നിരവധി വികസനങ്ങളാണ് ഇവിടെ യാഥാർത്ഥ്യമാകാൻ പോകുന്നത്.