kathiruppukendram

വക്കം: തെരുവ് നായ്ക്കളെക്കൊണ്ട് പൊറുതിമുട്ടി വക്കം നിവാസികൾ. പൊതുനിരത്ത്, കാത്തിരിപ്പ് കേന്ദ്രം, മാർക്കറ്റ് ബസ് സ്റ്റാൻഡ് തുടങ്ങി എല്ലായിടങ്ങളിലും തെരുവ് നായ്ക്കൾ സജീവം. നിയന്ത്രിക്കാൻ ആരുമില്ലാത്തതിനാൽ നായ്ക്കളും ഹാപ്പി. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തെരുവ് നായ്ക്കൾ കൈയേറിയതോടെ അതിനുള്ളിൽ കയറി നിൽക്കാനും യാത്രക്കാർക്ക് പേടി. ഏത് ഭാഗത്ത് നിന്നാണ് തെരുവ് നായ്ക്കൾ വരുന്നതെന്ന് അറിയാനും കഴിയില്ല. മാർക്കറ്റുകളും പരിസരങ്ങളും തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. എന്നാൽ ചിലയിടങ്ങളിൽ നിന്നു നായ്ക്കളെ മാർക്കറ്റുകളിൽ കൊണ്ട് വന്ന് ഉപേക്ഷിക്കുന്ന പതിവും ഇപ്പോൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.

വഴിയോരങ്ങളിൽ വലിച്ചെറിയുന്ന മാലിന്യ പൊതികൾക്കായി കടിപിടി കൂടുന്ന നായ്ക്കൾ കാൽനടയാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്. വിദ്യാർത്ഥികൾക്കാണ് നായ്ക്കളെക്കൊണ്ട് ഏറെ ബുദ്ധിമുട്ട്. പലപ്പോഴും നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തുന്നത് വ്യാപാരികളാണ്. വീട്ടിൽ വളർത്തുന്ന കോഴികളെയും താറാവുകളെയും കൂട്ടമായിയെത്തുന്ന തെരുവ് നായ്ക്കൾ ആക്രമിക്കുന്നതും പതിവാണ്.

നായ്ക്കകൾ കൂട്ടത്തോടെ വന്ന് കൂട് തകർത്ത് കോഴികളെയും താറാവുകളെയും കടിച്ചു കൊണ്ട് പോകും. നായ്ക്കളെ പിടികൂടി നശിപ്പിക്കാൻ യാതൊരു ശ്രമവും ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. തോന്നയ്ക്കൽ സായി ഗ്രാമത്തിന്റെ കീഴിൽ തെരുവ് നായ്ക്കളെ പിടികൂടി സംരക്ഷിക്കുന്ന പരിപാടിയുണ്ടായിരുന്നു. ഇപ്പോൾ അതും നിലച്ചു. നായ്ക്കളുടെ ശല്യം അവസാനിപ്പിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.