പറഞ്ഞുകേട്ടിട്ടുണ്ട്. സിനിമാലോകത്തുള്ള ബന്ധങ്ങൾ വെള്ളിത്തിരയിൽ തെളിഞ്ഞു മായുന്ന ഡിസംബർ പോലെ നൈമിഷങ്ങളാണെന്ന്. ആദ്യം വിശ്വസിച്ചില്ല. ഇപ്പോൾ പൂർണമായും ബോദ്ധ്യപ്പെട്ടിരിക്കുന്നു. വേദനയോടെ അനുഭവപ്പെട്ടിരിക്കുന്നു.
125 ൽപരം സിനിമകൾക്ക് കാമറ ചലിപ്പിച്ച് മലയാള സിനിമയിലെ അഭിനേതാക്കളുടെ രൂപഭാവങ്ങൾ ജനങ്ങളുടെ മുമ്പിൽ കാഴ്ചവച്ച രാമചന്ദ്രബാബു എന്ന ഛായാഗ്രാഹകന്റെ മൃതദേഹം പേട്ടയിലെ വീട്ടിലും കലാഭവനിലും പൊതുദർശനത്തിന് വച്ചപ്പോൾ മലയാള സിനിമയിലെ ഒരു നടനോ നടിയോ തിരുവനന്തപുരത്തുള്ളവർ പോലും വന്നുകണ്ടില്ല. ഒരു അനുശോചനയോഗം പോലും നടത്തിയില്ല. ഇത്രയും നന്ദികേട് സിനിമാ മണ്ഡലത്തിൽ മാത്രമേ ഉള്ളെന്നും അറിയുന്നു.
കൊമേഴ്സ്യൽ പടമെന്നോ അവാർഡ് പടമെന്നോ വേർതിരിവ് കൂടാതെ എല്ലാത്തരം പടങ്ങൾക്കും ഒരുമയോടെ സഹകരിച്ചു. യുഗപുരുഷൻ സിനിമയുടെ ലൊക്കേഷൻ കണ്ടെത്താൻ മാസങ്ങളോളം കേരളം, തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ എന്നൊടൊപ്പം ബാബുസാർ ഉണ്ടായിരുന്നു. പ്രതിസന്ധികൾ ഉണ്ടാകുമ്പോഴെല്ലാം അദ്ദേഹം മുന്നിട്ടുനിന്ന് പരിഹരിച്ചു. പോംവഴികൾ പറഞ്ഞുതന്നു.
ആർക്കും കുതികാൽ വെട്ടാതെ, സൗമ്യനായി എല്ലാവരോടും സഹകരിച്ച് തന്റെ അറിവ് പകർന്നു നൽകി എല്ലാവരെയും സഹായിച്ച്, അൻപത് വർഷത്തോളമായി സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തിയ ചിത്രങ്ങൾ സമ്മാനിച്ച ആ കലാകാരനോട് കാണിച്ച ക്രൂരതയോർത്ത് ലജ്ജിക്കുന്നു. ബാബുസാറിന്റെ ആത്മാവ് പൊറുക്കണേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
ആർ. സുകുമാരൻ,
ചലച്ചിത്ര സംവിധായകൻ.
ഫോൺ : 9447244822.