general

ബാലരാമപുരം: പൊതു മാർക്കറ്റിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന ടൗണുകളിലൊന്നാണ് ബാലരാമപുരം. ആയിരക്കണക്കിന് ആൾക്കാരാണ് വിഴിഞ്ഞം റോഡിലെ പൊതുമാർക്കറ്റിൽ ദിവസവും വന്നുപോകുന്നത്. മാർക്കറ്റിലെ മാലിന്യക്കൂമ്പാരത്തിനെതിരെ വ്യാപക പരാതിയുയർന്നിട്ടും പഞ്ചായത്ത് ഭരണസമിതിക്ക് മിണ്ടാട്ടമില്ല. മത്സ്യക്കച്ചവടം നടത്തുന്നിടം മേൽക്കൂര സ്ഥാപിച്ച് തറയിൽ ടൈൽ പാകി മനോഹാരിത വരുത്തിയെങ്കിലും മാർക്കറ്റ് മതിലിനോട് ചേർന്ന് മാലിന്യം കുന്നുകൂടുകയാണ്. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ബയോഗ്യാസ് പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ബയോഗ്യാസ് പ്ലാന്റ് പുനരു:ജ്ജീവിപ്പിക്കാൻ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. സമീപം സ്ഥിതി ചെയ്തിരുന്ന ആയുർവേദാശുപത്രിയിൽ കഷായം രൂപപ്പെടുത്താൻ മാർക്കറ്റിലെ ബയോഗ്യാസ് ആണ് ഉപയോഗിച്ചിരുന്നത്. പ്ലാന്റ് പ്രവർത്തനരഹിതമായതോടെ മാർക്കറ്റിലെ മാലിന്യം മാർക്കറ്റിനുള്ളിൽ തന്നെ അടിഞ്ഞുകൂടാൻ തുടങ്ങി. മാർക്കറ്റ് കരാറുകാരന് ലേലത്തിൽ നൽകിയതോടെ പഞ്ചായത്ത് അധികൃതരും ഈ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കാതായി. എലിയും പറവകളും ചത്തടിഞ്ഞ് മാർക്കറ്റിലെ മാലിന്യക്കൂന സ്ഥിതിചെയ്യുന്നിടത്തേയ്ക്ക് കടന്നുചെല്ലാൻ കഴിയാതെയായി.പ്ളാസ്റ്റിക് മാലിന്യമാണ് മറ്റൊരു പ്രശ്നം.

മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിച്ചുകൂടാൻ പറ്റാത്തസ്ഥിതിയാണ്. സാധനം വാങ്ങാനെത്തുന്നവർക്ക് പച്ചക്കറി,​ മീൻ എന്നിവ പ്ലാസ്റ്റിക് കവറുകളിലാണ് പൊതിഞ്ഞു നൽകുന്നത്. ഈ സമ്പ്രദായത്തിന് മാറ്റം വരണമെങ്കിൽ പേപ്പർ ക്യാരി ബാഗുകൾ വിലകുറഞ്ഞ നിരക്കിൽ സർക്കാർ വിപണയിലിറക്കണമെന്നാണ് കച്ചവടക്കാരുടെ വാദം. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടി മാലിന്യം മാസങ്ങളായി മാർക്കറ്റിനുള്ളിൽ തന്നെ നിക്ഷേപിക്കുകയാണ്. കരാറുകാരനോട് പരാതി അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.

കൊടിയ ദുർഗന്ധം കാരണം മത്സ്യക്കച്ചവടം നടത്തുന്നവർക്കും വെല്ലുവിളിയായിട്ടുണ്ട്. സർക്കാരിന്റെ ഗ്രീൻപ്രോട്ടോകോൾ അനുസരിച്ച് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ മാർക്കറ്റിൽ വിൽക്കാനോ വാങ്ങാനോ പാടില്ലെന്നാണ്. നിയമം കാറ്റിൽ പറത്തി പ്ലാസ്റ്റിക്കിന്റെ ഉപയോഗം മാർക്കറ്റിൽ വീണ്ടും കൂടിയിട്ടുണ്ട്. ജനുവരിയോടെ സമ്പൂർണ പ്ലാസ്റ്റിക്ക് നിരോധനം സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പൊടുന്നെനെ നടപ്പാക്കാൻ കഴിയില്ലെന്നാണ് കച്ചവടക്കാരുടെ വാദം.

മാർക്കറ്റിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഉപയോഗരഹിതമായ ബയോഗ്യാസ് പ്ലാന്റ് പൊളിച്ചുമാറ്റണം. മാർക്കറ്റിൽ അടിഞ്ഞുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യവും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണം.

‌ ടൗൺ വാർഡ് മെമ്പർ,​ സിന്ധു

മാലിന്യം കുന്നുകൂടി

മാലിന്യം അഴുകിത്തുടങ്ങി

രൂക്ഷമായ ദുർഗന്ധം

അധികൃതർക്ക് മൗനം

കച്ചവടക്കാരും ദുരിതത്തിൽ

ഈച്ചയും കൊതുകും പെരുകി

പകർച്ചവ്യാധി ഭീതി

മാലിന്യ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിട്ട് 7വർഷം