tp-ramakrishnan
TP RAMAKRISHNAN

തിരുവനന്തപുരം : പ്രവാസി കേരളീയരുടെ നിക്ഷേപ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിലൂടെ 100 കോടി രൂപയുടെ നിക്ഷേപം നേടാനായതായി മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ ഒൻപത് മാസത്തിനുള്ളിൽ 30 സംരംഭങ്ങളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. 750ഓളം തൊഴിലവസരങ്ങളും സൃഷ്ടിക്കായി.

അടിസ്ഥാന സൗകര്യ മേഖലയിൽ 70 കോടി രൂപയുടെയും ഐ.ടി. മേഖലയിൽ 11 കോടി രൂപയുടെയും ടൂറിസം രംഗത്ത് നാലര കോടിയുടെയും നിക്ഷേപമാണ് ഫെസിലിറ്റേഷൻ സെന്റർ മുഖേന ഇതിനകം നേടാനായത്. നോർക്ക ഫെസിലിറ്റേഷൻ സെന്ററിന്റെ സഹായത്തോടെ കേരളത്തിൽ സംരംഭങ്ങൾ ആരംഭിച്ചവരുടെ യോഗം മസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളിൽ 35ശതമാനം വർദ്ധനവുണ്ടായി. ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ മെച്ചപ്പെട്ട അന്തരീക്ഷം ഉറപ്പാക്കിയതിന്റെ ഫലമാണിത്. സംരംഭകർ നേരിടുന്ന തടസങ്ങൾ നീക്കാൻ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തിയതും, ലൈസൻസുകളും അനുമതിയും വേഗത്തിൽ ലഭ്യമാക്കാൻ നടപ്പാക്കിയ കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്‌പരന്റ് ക്ലിയറൻസ് സംവിധാനം വിജയകരമായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് നിക്ഷേപം നടത്താൻ താൽപര്യമുള്ള സംരംഭകർക്ക് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകും. വ്യക്തിഗത സംരംഭങ്ങൾക്കൊപ്പം സഹകരണാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങളുടെ സാദ്ധ്യതയും പരിഗണിക്കണം. സംരംഭകർക്കുള്ള സർട്ടിഫിക്കട്ട് ഓഫ് ഫെസിലിറ്റേഷൻ മന്ത്രി വിതരണം ചെയ്തു. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജോയിന്റ് സെക്രട്ടറി കെ.ജനാർദ്ദനൻ, ജനറൽ മാനേജർ ഡി.ജഗദീശ്, വി.എൽ മഹേഷ് സുന്ദർ തുടങ്ങിയവർ പങ്കെടുത്തു.