തിരുവനന്തപുരം : ഓൺലൈൻ ഫുഡ് ഡെലിവറി സംവിധാനങ്ങൾ നഗരത്തിൽ പിടിമുറുക്കിയതിന് പിന്നാലെ ജില്ലയിലെ ഹോട്ടൽ ഉടമകളും ഹൈടെക്ക് പാതയിൽ. കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ജില്ലയിൽ ഭക്ഷണവിതരണത്തിന് പുതിയ സംവിധാനം ഒരുങ്ങുന്നത്. 'ബിഗ് ബൈറ്റ്സ്' എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് ഹോട്ടൽ ഉടമകൾ ഓൺലൈൻ രംഗത്തെത്തുന്നത്. ഇന്ന് വൈകിട്ട് നാലിന് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളിൽ നടക്കുന്ന ചടങ്ങിൽ മേയർ കെ.ശ്രീകുമാർ ആപ്പ് ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം സിറ്റിക്ക് പുറമേ, ഗ്രാമ മേഖലകളിലും സേവനം ലഭ്യമാകും. ഭക്ഷണം ഓർഡർ ചെയ്യുന്നതിനൊപ്പം ടേബിൾ റിസർവേഷൻ, ഡൈൻ ഇൻ ഓർഡറുകൾ, പിക്കപ്പ് ഓർഡറുകൾ എന്നിവയ്ക്കും ബിഗ് ബൈറ്റ്സിൽ സൗകര്യമുണ്ടാകും. ആറുമാസം ജില്ലയിലെ ഓൺലൈൻ ഭക്ഷ്യ വിതരണ മേഖലയെക്കുറിച്ച് പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. ഭക്ഷണം വാങ്ങുന്നവർക്കും വിതരണക്കാർക്കും ഒരുപോലെ ലാഭകരവും ഉപയോഗപ്രദവുമായ രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. അസോസിയേഷൻ പ്രസിഡന്റ് ബി. ജയധരൻനായർ,സെക്രട്ടറി ബി. വിജയകുമാർ, ട്രഷറർ ഒ.കെ. ഖാലിദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പ്രത്യേകതകൾ
ആറുമാസത്തെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംരംഭം ആരംഭിക്കുന്നത്
ഏവർക്കും ഒരുപോലെ ലാഭകരവും ഉപയോഗപ്രദവുമായ രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്
തിരുവനന്തപുരം സിറ്റിക്ക് പുറമേ ഗ്രാമീണ മേഖലകളിലും സേവനം ലഭ്യമാകും
ഭക്ഷണം ഓർഡർ ചെയ്യുന്നതിനൊപ്പം മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്
നിലവിലുള്ള ഓൺലൈൻ ആഹാര വിതരണ സംരംഭകർ ഹോട്ടൽ ഉടമകളിൽ നിന്ന് അഞ്ചുമുതൽ 30 ശതമാനംവരെ കമ്മിഷൻ വാങ്ങുകയാണ്. ഹോട്ടൽ മേഖലയിലെ മത്സരങ്ങളും ക്ലൗഡ് കിച്ചൺ പോലുള്ള സംവിധാനങ്ങളുടെ കടന്നുവരവുംമൂലം ഹോട്ടൽ വ്യവസായം ബുദ്ധിമുട്ടു നേരിടുന്നതിലാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. -അസോസിയേഷൻ ഭാരവാഹികൾ
ശൃംഖലയുടെ ഭാഗമാകുന്നത്
400 ഓളം റസ്‌റ്റോറന്റുകൾ
200 ഓളം ഡെലിവറി എക്സിക്യൂട്ടീവുകൾ