തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിന് വർണാഭമായ ഘോഷയാത്രയോടെ തുടക്കമായി. നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിന് മുന്നിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന സവിശേഷത വിളിച്ചോതുന്നതായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കുട്ടികളും അദ്ധ്യാപകരും ഉൾപ്പെടെ ആയിരത്തോളം പേർ ഘോഷയാത്രയിൽ അണിനിരന്നു.
ഓരോ സംസ്ഥാനത്തിന്റെയും തനത് വേഷം ധരിച്ചാണ് കുട്ടികൾ ഘോഷയാത്രയിൽ അണിനിരന്നത്. ഏറ്റവും മുന്നിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നുള്ള കുട്ടികളായിരുന്നു. തൊട്ടു പിന്നിൽ ചെണ്ടമേളം. തുടർന്ന് ഓരോ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. ആതിഥേയരായ കേരളത്തിൽ നിന്നുള്ള കുട്ടികളായിരുന്നു ഏറ്റവും പിന്നിൽ.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീർ പതാകയുയർത്തി. ദേശീയ അക്കാഡമി കമ്മിറ്റിയംഗം ഡോ. ലളിത് ശർമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു.

കാലാവസ്ഥ വ്യതിയാനം, സുസ്ഥിര വികസനം, മാലിന്യ നിർമാർജനം തുടങ്ങി ആഗോളതലത്തിൽ വെല്ലുവിളി നേരിടുന്ന വിഷയങ്ങൾ ബാല ശാസ്ത്ര കോൺഗ്രസ് ചർച്ച ചെയ്യണമെന്നും രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശശി തരൂർ എം.പി അദ്ധ്യക്ഷത വഹിച്ചു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീർ, ദേശീയ പ്രോഗ്രാം കോ ഓർഡിനേറ്റർ സുജിത്ത് ബാനർജി, ദേശീയ അക്കാഡമിക് കമ്മിറ്റി ചെയർമാൻ ടി.പി. രഘുനാഥ്, മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ഐ. ജോർജി, കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എസ്. പ്രദീപ്കുമാർ എന്നിവർ സംബന്ധിച്ചു.