മലയിൻകീഴ്: സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ജനുവരി 8ന് സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് മലയിൻകീഴ് ചേർന്ന കൺവൻഷൻ ജില്ലാ പഞ്ചായത്ത് അംഗം വി.ആർ. രമാകുമാരി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു.വിളപ്പിൽ ഏരിയാ കമ്മിറ്റി പ്രസിഡന്റ് വി.എസ്. ശ്രീകാന്തിന്റെ അദ്ധ്യക്ഷതയിൽ മലയിൻകീഴ് ഗ്രന്തശാല ഹാളിൽ ചേർന്ന യോഗത്തിൽ എ.ഐ.ടി.യു.സി നേതാവ് മച്ചേൽ രവീന്ദ്രൻ, വി.വിജയകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി വി.ആർ. രമാകുമാരി (ചെയർപേഴ്സൺ), വി.എസ്. ശ്രീകാന്ത് (കൺവീനർ) എന്നിവരെയും 101 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. 29ന് പേയാട് ബാങ്ക് ആഡിറ്റോറിയത്തിൽ സംയുക്ത ട്രേഡ് യൂണിയൻ ഏരിയാതല കൺവെൻഷനും 31ന് നടക്കുന്ന തെക്കൻ മേഖല ജാഥയ്ക്ക് സ്വീകരണം നൽകാനും കൺവെൻഷൻ തീരുമാനിച്ചു.