പാറശാല: വർഷങ്ങളായി ചെളിയും പായലും നിറഞ്ഞ് ശോചനീയാവസ്ഥയിലായ പനങ്കോട്ടുകുളം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക പ്രതിഭാ കേന്ദ്രം വിദ്യാർത്ഥികൾ രംഗത്ത്. എറിച്ചല്ലൂർ ഫ്രണ്ട്സ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന കാരോട് പഞ്ചായത്ത് പ്രാദേശിക പ്രതിഭാ കേന്ദ്രത്തിലെ കുട്ടികളാണ് പ്രദേശത്തെ കുളം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകിയത്. പ്രതിഭാ കേന്ദ്രത്തിലെ വിദ്യാർത്ഥികൾ നടത്തിയ സർവെയിലൂടെ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കുളം നവീകരണം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥികൾ തന്നെ മുന്നോട്ട് വന്നത്.പഞ്ചായത്തിലെ കാന്തളൂർ വാർഡിൽ ഉൾപ്പെട്ട കുളം മണ്ണ് നിറഞ്ഞ് കുറ്റിച്ചെടികൾ വളർന്ന് കാട് മൂടിയ നിലയിലാണ് ഇപ്പോൾ. ഒരുകാലത്ത് സമീപ പ്രദേശങ്ങളിലുള്ളവർക്ക് പോലും ആശ്രയമായിരുന്ന കുളം നവീകരിച്ച് ചുറ്റിലും നടപ്പാത സ്ഥാപിച്ച് വൈദ്യുത വിളക്കുകൾ സ്ഥാപിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കുളത്തിന്റെ കരയിൽ ചേർന്ന സംഗമത്തിൽ നിവേദനം വാർഡ് മെമ്പർ പ്രമോദിന് വിദ്യാർത്ഥികൾ കൈമാറി. ബി.ആർ.സി ട്രെയിനർ അജികുമാർ, ലൈബ്രറി പ്രസിഡന്റ് ഗോഡ്സിംഗ്, ലൈബ്രേറിയനും എഡ്യൂക്കേഷൻ വോളന്റിയറുമായ ദീപു.എം.എസ്, ലൈബ്രറി സെക്രട്ടറി വിപിൻ.വി.പി, കമ്മിറ്റി അംഗങ്ങളായ അരുൺ സാം, പ്രസാദ്, ദേവരാജ് തുടങ്ങിയവർ പങ്കെടുത്തു.