തിരുവനന്തപുരം:പൗരത്വമില്ലാത്തവരെ പാർപ്പിക്കാൻ ആസാമിലെ മാതൃകയിൽ കേരളത്തിൽ തടങ്കൽ പാളയങ്ങൾ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
എന്നാൽ തടങ്കൽ പാളയങ്ങൾ തുടങ്ങാനുള്ള നീക്കം യു.പി. എ സർക്കാരിന്റെ കാലത്ത് ഇവിടെ യു.ഡി. എഫ്. സർക്കാർ ആരംഭിച്ചിരുന്നു. ഫയലിന്റെ തലത്തിലുള്ള നീക്കങ്ങളാണ് നടന്നത്. 2012 മുതൽ മുൻ സർക്കാർ ആരംഭിച്ച നടപടികൾ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് നിറുത്തിവയ്‌ക്കാൻ ഈ സർക്കാർ ഉത്തരവു നൽകുകയാണെന്നും മുഖ്യമന്ത്രി വാർത്താകുറിപ്പിൽ വിശദീകരിച്ചു.
സംസ്ഥാനത്ത് ഡിറ്റെൻഷൻ സെന്ററുകൾ ( തടങ്കൽ പാളയങ്ങൾ ) സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ഒരു ഇംഗ്ളീഷ് ദിനപത്രത്തിൽ വന്ന വാർത്തയിൽ ആരോപിക്കുന്നതു പോലൊരു തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടില്ല.
യാഥാർത്ഥ്യം ഇങ്ങനെ
തടങ്കൽപാളയം സ്ഥാപിക്കണം എന്ന് 2012 ആഗസ്റ്റിൽ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര സെക്രട്ടറിമാരെ കത്ത് മുഖേന അറിയിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയോ, വിസ, പാസ്‌പോർട്ട് കാലാവധി തീർന്ന ശേഷവും രാജ്യത്ത് തുടരുകയോ ചെയ്യുന്ന വിദേശികളെയും ശിക്ഷാ കാലാവധി പൂർത്തിയാക്കി അവരുടെ രാജ്യത്ത് തിരിച്ചുപോകുന്നതിനുള്ള നിയമനടപടികൾക്കായി കാത്തിരിക്കുന്ന വിദേശികളെയും പാർപ്പിക്കാൻ ഇത്തരം സെന്റർ സ്ഥാപിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ 2015 നവംബർ നാലിന് ആഭ്യന്തര വകുപ്പ് യോഗം വിളിച്ചുചേർത്തു. സംസ്ഥാനത്ത് അടിയന്തരമായി ഡിറ്റൻഷൻ സെന്റർ സ്ഥാപിക്കാൻ നിശ്ചയിച്ചു. അത് സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലാവണമെന്നും കെട്ടിടം വകുപ്പ് കണ്ടെത്തണമെന്നും സ്റ്റാഫിനെ പൊലീസ് വകുപ്പ് നിശ്ചയിക്കണമെന്നും തീരുമാനിച്ചു. ഡിറ്റൻഷൻ സെന്റർ സ്ഥാപിക്കാനുള്ള ശുപാർശ സമർപ്പിക്കാൻ 2016 ഫെബ്രുവരി 29ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. എത്രപേരെ പാർപ്പിക്കേണ്ടിവരും എന്നതുൾപ്പെടെയുടെ വിവരങ്ങൾ ഡയറക്ടറോട് സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പ് ആവശ്യപ്പെട്ടു. ഈ വിവരങ്ങൾ സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയോടും ചോദിച്ചു. ക്രൈം റെക്കോർഡ്സ് ബ്യൂറോ ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ല.
നേരത്തെ അയച്ച കത്തിന്റെ റിമൈൻഡറുകൾ തുടർച്ചയായി കേന്ദ്രസർക്കാരിൽ നിന്ന് വകുപ്പുകൾക്ക് വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് ഒരു ഫയലും ഈ സർക്കാരിന്റെ കാലത്ത് മന്ത്രിമാരാരും കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.