നെടുമങ്ങാട് : അരുവിക്കരയിലെ പ്രധാന ശുദ്ധജല പമ്പുഹൗസ് പ്രവർത്തിക്കുന്ന കുമ്മിയിൽ രാത്രിയിൽ കോഴി വേസ്റ്റ് ഉൾപ്പെടെയുള്ള ഇറച്ചിമാലിന്യങ്ങൾ വലിച്ചെറിഞ്ഞത് ജനജീവിതം ദുസഹമാക്കി.പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും നിറച്ച മാംസാവശിഷ്ടങ്ങൾ റോഡിൽ വിതറിയ നിലയിലായിരുന്നു.രാവിലെ ഗതാഗതം തടസപ്പെട്ടതോടെ ഗ്രാമപഞ്ചായത്ത് അധികൃതരെത്തി നാട്ടുകാരുടെ സഹായത്തോടെ മാലിന്യം മറവ് ചെയ്തു. പ്രസിഡന്റ് ഐ.മിനി, വൈസ് പ്രസിഡന്റ് ബി.ഷാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വിജയൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി അരുവിക്കര പൊലീസിൽ പരാതി നൽകി. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.