ശിവഗിരി: തീർത്ഥാടനം പ്രമാണിച്ച് ഡിസംബർ 29 മുതൽ ജനുവരി 1 വരെ വർക്കലയിൽ വാഹനങ്ങൾക്ക് ഗതാഗതനിയന്ത്റണം ഏർപ്പെടുത്തി. നാരായണഗുരുകുലം ജംഗ്ഷനിൽ നിന്നു ശിവഗിരി മഠത്തിലേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾ മാത്രമേ കടത്തിവിടുകയുള്ളൂ. നാഷണൽ ഹൈവേയിൽ കല്ലമ്പലം ഭാഗത്തു നിന്നുള്ള തീർത്ഥാടകരുടെ വാഹനങ്ങൾ നരിക്കല്ലുമുക്ക്, പാലച്ചിറ എന്നിവിടങ്ങളിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് വട്ടപ്ലാംമൂട് ജംഗ്ഷനിൽ തീർത്ഥാടകരെ ഇറക്കിയശേഷം ചെറിയ വാഹനങ്ങൾ ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും വലിയ വാഹനങ്ങൾ ശിവഗിരി നഴ്സിംഗ് കോളേജ്, ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂൾ, എസ്.എൻ കോളേജ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം. കടയ്ക്കാവൂർ, അഞ്ചുതെങ്ങ് ഭാഗത്തുനിന്നുള്ള തീർത്ഥാടകരുടെ വാഹനങ്ങൾ മരക്കടമുക്ക്, പാലച്ചിറ വഴി നാരായണഗുരുകുലം ജംഗ്ഷനിലും നാഷണൽ ഹൈവേയിൽ പാരിപ്പള്ളി വഴിയും പരവൂർ കാപ്പിൽ വഴിയും വരുന്ന വാഹനങ്ങൾ അയിരൂർ നടയറ വഴി എസ്.എൻ കോളേജ് ജംഗ്ഷനിൽ തീർത്ഥാടകരെ ഇറക്കിയ ശേഷം ചെറിയ വാഹനങ്ങൾ ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും വലിയ വാഹനങ്ങൾ ശിവഗിരി നഴ്സിംഗ് കോളേജ്, ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂൾ, എസ്.എൻ കോളേജ് ഗ്രൗണ്ടുകളിലും പാർക്ക് ചെയ്യണം. വർക്കല മൈതാനത്ത് തീർത്ഥാടകരുമായെത്തുന്ന വാഹനങ്ങൾ തീർത്ഥാടകരെ ഇറക്കിയ ശേഷം ചെറിയ വാഹനങ്ങൾ ജില്ലാ ആയുർവേദ ആശുപത്രി ജംഗ്ഷൻ, ധന്യസൂപ്പർമാർക്കറ്റിനു സമീപവും പെരുങ്കുളം ആലിയിറക്കം പാർക്കിംഗ് ഏരിയകളിലും വലിയവാഹനങ്ങൾ വർക്കല മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. തിരക്ക് കുറവുള്ള സമയം ചെറിയ വാഹനങ്ങൾ മട്ട് ജംഗ്ഷനിൽ ആളിറക്കി ഗുഡ്ഷെഡ് റോഡ് വഴി സ്റ്റാർ തിയേറ്റർ ഭാഗത്ത് പാർക്ക് ചെയ്യണം. സ്റ്റാർ തിയേറ്റർ ഭാഗത്തു നിന്നും ഗുഡ്ഷെഡ് റോഡ് വഴി ശിവഗിരിയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. നാരായണഗുരുകുലം ശിവഗിരി ആൽത്തറമൂട് വരെയും മട്ട് ജംഗ്ഷൻ മുതൽ ശിവഗിരി ആൽത്തറമൂട് വരെയും റോഡിന്റെ ഇരുവശങ്ങളിലും ഇടറോഡുകളിലും യാതൊരുവിധ വാഹന പാർക്കിംഗും അനുവദിക്കില്ല. വഴിയോരക്കച്ചവടം, ഭിക്ഷാടനം എന്നിവ കർശനമായി നിരോധിച്ചിട്ടുള്ളതായി പൊലീസ് അറിയിച്ചു.