തിരുവനന്തപുരം: സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന ട്രഷറി സ്‌തംഭനം നിർമ്മാണമേഖലയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും ഇത് തുടർന്നാൽ ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ സർക്കാർ മേഖലയിൽ നടക്കുന്ന എല്ലാനിർമ്മാണ പ്രവർത്തനങ്ങളും നിറുത്തിവയ്ക്കേണ്ടിവരുമെന്നും ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മോൻസ് ജോസഫ് എം.എൽ.എ മുന്നറിയിപ്പ് നൽകി. അസോസിയേഷന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒപ്പമുണ്ടാകുമെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. ഷാജഹാൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര, ട്രഷറർ ജി. തൃദീപ്, സംസ്ഥാന സെക്രട്ടറിമാരായ കെ. നന്ദകുമാർ, സോണിമാത്യു, ജോജി ജോസഫ്, സുരേഷ് ചീരാണിക്കര, ജില്ലാ പ്രസിഡന്റ് പി. മോഹൻകുമാർ, എ. താജുദ്ദീൻ എന്നിവർ സംസാരിച്ചു.
ഉപവാസസമരത്തിന് സംസ്ഥാന ഭാരവാഹികളായ കെ. സോദരൻ, സജിമാത്യു, ബെന്നി കിണറ്റുകര, ജില്ലാ ഭാരവാഹികളായ എ. മനാഫ്, ജി. സോമശേഖരൻ നായർ, എസ്. ഹരികുമാർ, കെ.വി. സൂരജ് എന്നിവർ നേതൃത്വം നൽകി. മുഖ്യമന്ത്രി, ധനമന്ത്രി, പൊതുമരാമത്ത് മന്ത്രി, തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി.