motor
ആധുനിക കാമറയും റഡാറും ഘടിപ്പിച്ച് മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ വാഹനങ്ങൾ

തിരുവനന്തപുരം: വാഹനം ഓടിക്കുമ്പോൾ നിയമം കാറ്റിൽപ്പറത്തുകയും പൊലീസിനെയോ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെയോ കാണുമ്പോൾ മാത്രം 'ഡീസന്റാ'വുകയും ചെയ്യുന്നവരും ശ്രദ്ധിക്കുക. ഒന്നര കിലോമീറ്റർ അകലെനിന്നുവരെ നിങ്ങളെ 'സ്കെച്ചു' ചെയ്യുന്നതിനുള്ള ആധുനിക നിരീക്ഷണ സംവിധാനങ്ങളടങ്ങിയ വാഹനങ്ങൾ അടുത്തമാസം നിരത്തിലിറങ്ങും. ഇന്റർസെപ്റ്റർ വിഭാഗത്തിൽ ഏറ്റവും പുതിയ 17 വാഹനങ്ങളാണ് കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്നത്. ഇതിന്റെ പരീക്ഷണ നിരീക്ഷണങ്ങൾ തലസ്ഥാനത്ത്‌ ആരംഭിച്ചു. 17നാണ് ഔദ്യോഗിക ഉദ്ഘാടനം.

പിഴ ഡിജിറ്റാലായി ഓടുക്കാനുള്ള സൗകര്യവും വാഹനത്തിൽ ഉണ്ട്. അതിനു കഴിയാത്തവർക്ക് 15 ദിവസം വരെ സാവകാശം അനുവദിക്കും.

 പ്രത്യേകതകൾ

1. സ്പീഡ് ഡിറ്റക്ടർ റഡാർ- വാഹനത്തിനു മുകളിൽ ഘടിപ്പിച്ചിരിക്കുന്ന സ്പീഡ് അളക്കുന്ന റെഡാറിന് ഒന്നര കിലോമീറ്റർ ദൂരത്തിൽ വരുന്ന വാഹനത്തിന്റെ വേഗത അളക്കാൻ കഴിയും.

ദേശീയ പാതകളിൽ ഇരു ചക്രവാഹനങ്ങളുടെ വേഗത പരിധി -60 കി. മീറ്റർ.

കാർ,​ ബസ് - 80 കി.മീറ്റർ

2. എത്ര വേഗതയിൽ പോകുന്ന വാഹനത്തിന്റെയും നമ്പരുകൾ ഓട്ടോമാറ്റിക് നമ്പർ പ്ളേറ്റ് റെക്കഗ്നീഷ്യൻ (എ.എൻ.പി.ആർ)​ കാമറകൾ വഴി പകർത്തും. ഹെൽമെറ്റ് ഇല്ലാതെ പോകുന്നവരുടെ ചിത്രം ഉൾപ്പെടെ ഒപ്പിയെടുക്കും.

3. ഡെസിബെൽ മീറ്റർ- ഉച്ചത്തിൽ ഹോൺ മുഴക്കി പോകുന്നവരെ പിടികൂടുന്നതിനാണിത്. ഹോൺ മുഴങ്ങുമ്പോൾ തന്നെ അത് എത്ര ‌ഡെസിബെൽ ആണെന്ന് രേഖപ്പെടുത്തും

വാഹനങ്ങളുടെ ഘടന അനുസരിച്ച് മൂന്നു തരം ഇലക്ട്രിക്ക് ഹോണുകളാണ് അനുവദിച്ചിട്ടുള്ളത്

1.ടൈപ്പ് വൺ എ.സി ഹോണുകൾ: മോപ്പഡുകൾ, സ്‌കൂട്ടറുകൾ, മോട്ടോർ സൈക്കിളുകൾ (85 മുതൽ 105 ഡെസിബെൽ വരെ)

2. ഇരുചക്രവാഹനങ്ങൾ (സ്റ്റോറേജ് ബാറ്ററി ഉള്ളവ ), മുച്ചക്രവാഹനങ്ങൾ (90 മുതൽ 115 ഡെസിബെൽവരെ)

3. പാസഞ്ചർ കാറുകൾ,​ വാണിജ്യവാഹനങ്ങൾ

ടൈപ്പ് 2 ഡി.സി ഹോണുകൾ (100 മുതൽ 125 ഡെസിബെൽ)

ടൈപ്പ് 3 വിൻഡ് ടോൺ ഡി.സി ഹോണുകൾ (105 മുതൽ 125 വരെ ഡെസിബെൽ).