തിരുവനന്തപുരം: പുതുവത്സരമെത്താൻ ദിവസങ്ങൾ ബാക്കിനിൽക്കെ ശംഖുംമുഖം ബീച്ചിലെ തെരുവുവിളക്കുകൾ കത്താത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ രംഗത്തെത്തി. അടിയന്തരമായി ബീച്ചിൽ വെളിച്ചമെത്തിക്കണമെന്ന് ശംഖുംമുഖം ബീച്ചിന്റെ ചുമതലയുള്ള കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ എക്‌സിക്യൂട്ടീവ് എൻജിനിയറോട് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശിച്ചു. ക്രിസ്‌മസിന് ബീച്ച് സജീവമായിരുന്നെങ്കിലും കച്ചവടക്കാരുടെ ഹാലജൻ ലൈ​റ്റിൽ നിന്നുള്ള അരണ്ട പ്രകാശം മാത്രമാണുണ്ടായിരുന്നത്. ഓഖി സമയത്ത് നീക്കം ചെയ്ത ബീച്ചിലെ ഹൈമാസ്​റ്റ് ലൈറ്റുകൾ ഇതുവരെ തിരികെ സ്ഥാപിച്ചിട്ടില്ല. റോഡുകൾ തകർന്നതു കാരണം സഞ്ചാരികളുടെ എണ്ണം കുറവാണ്. കുടുംബങ്ങൾ വീണ്ടും എത്തിത്തുടങ്ങിയിട്ടും ലൈ​റ്റുകൾ കത്താത്തത് പ്രതിസന്ധിയുണ്ടാക്കുന്നു. ബീച്ചിൽ സ്ഥാപിച്ചിരുന്ന 20 ഹൈമാസ്​റ്റ് ലൈ​റ്റുകൾ ബീച്ചിന്റെ പലഭാഗത്തായി ഉപേക്ഷിച്ചിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം രഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു.