തിരുവനന്തപുരം:സംസ്ഥാനത്ത് ഡിറ്റൻഷൻ സെന്ററുകൾ ആരംഭിക്കാനുള്ള തീരുമാനം 2012ൽ യു.ഡി. എഫ് സർക്കാരാണ് തുടങ്ങിയതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
വിസ, പാസ്‌പോർട്ട് കാലാവധി കഴിഞ്ഞവരും ശിക്ഷ കഴിഞ്ഞവരുമായ വിദേശികൾ ജയിലിൽ തുടരുന്നുണ്ടായിരുന്നു. അവരെ കെയർഹോമുകളിലേക്ക് മാറ്റാൻ അന്നത്തെ സർക്കാർ തീരുമാനിച്ചു. സാമൂഹ്യ നീതി വകുപ്പിനെ ആ ചുമതല ഏൽപ്പിച്ചത് കെയർ ഹോമുകൾ സ്ഥാപിക്കാനാണ്. അമിത്ഷാ ആഭ്യന്തര മന്ത്രിയായ ശേഷം ഒരു മതവിഭാഗത്തെ പൗരത്വത്തിൽ നിന്ന് ഒഴിവാക്കി പൗരത്വ നിയമം ഭേദഗതി ചെയ്‌തു. അവർ കരുതൽ തടങ്കലിലാവുന്ന സാഹചര്യമായി. ജയിൽ മോചിതരായവരെ കെയർഹോമുകളിൽ താമസിപ്പിക്കുന്നതും, പൗരത്വം റദ്ദാക്കി ഒരു വിഭാഗത്തെ തടങ്കൽ പാളയത്തിലാക്കുന്നതും താരതമ്യം ചെയ്യുന്നത് ദുഷ്ടലാക്കോടെയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.