thirupuram

പാറശാല: കാർഷിക സമ്പദ്ഘടന പുനരുജീവിപ്പിക്കുന്നതിനും ഗ്രാമീണ കർഷകരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ആധുനിക കൃഷിരീതികൾ അവലംബിക്കേണ്ടതാണെന്ന് ഡോ.ശശിതരൂർ എം.പി പ്രസ്താവിച്ചു. തിരുപുറത്ത് നബാർഡ് അംഗീകാരമുള്ള ഫെഡറേഷൻ ഒഫ് ഫാർമേഴ്‌സ് ക്ലബ് രൂപം നൽകിയ ട്രാവൻകൂർ അഗ്രി ലൈവ്‌സ്റ്റോക്ക് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിഷം കലരാത്ത ഇറച്ചിയും പാൽ ഉത്പന്നങ്ങളും ലഭ്യമാക്കാൻ ഗ്രാമീണ കർഷകരെ ഹൈടെക് രീതികൾ പരിചയപ്പെടുത്താൻ കമ്പനിക്ക് കഴിയേണ്ടതാണെന്നും അദ്ദേഹം നിർദ്ദേശിച്ചു. കെ. ആൻസലൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ, തിരുപുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ക്രിസ്തുദാസ്, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ലാൽ, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻ നായർ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.ആർ.ബിജു, കാനറാ ബാങ്ക് ബാലരാമപുരം ശാഖ മാനേജർ എസ്.വി. വിഘ്നനാഥ്‌,കയർ ക്ലസ്റ്റർ പ്രസിഡന്റ് തിരുപുറം ഗോപൻ,പഞ്ചായത്ത് അംഗം ശാലിനി തുടങ്ങിയവർ സംസാരിച്ചു. ട്രാവൻകൂർ അഗ്രി ലൈവ്‌സ്റ്റോക്ക് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിമാനേജിംഗ് ഡയറക്ടർ ചെങ്കവിള വി.ഹാജികുമാർ സ്വാഗതവും, കമ്പനി സി.ഇ.ഒ എസ്.ബാലയ്യൻ നന്ദിയും പറഞ്ഞു.