pcb

തിരുവനന്തപുരം : സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിൽ ചെയർമാനും അംഗങ്ങളും തമ്മിലുള്ള ഭിന്നത

മറ നീക്കി . ഏകാധിപതിയായി പ്രവർത്തിക്കുന്ന ചെയർമാൻ അജിത് ഹരിദാസിൽ വിശ്വാസം നഷ്ടപ്പെട്ടതായി അംഗങ്ങൾ പ്രമേയം പാസാക്കി. ഇക്കാര്യം സർക്കാരിനെ അറിയിക്കാനും തീരുമാനിച്ചു. ചെയർമാനെ സർക്കാർ ഉടൻ പുറത്താക്കുമെന്നാണ് വിവരം. ബോർഡ് അറിയാതെ ഉറവിട മാലിന്യസംസ്കരണത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരം നഗരസഭയ്ക്കെതിരെ 14.6 കോടി രൂപ ചുമത്തുന്നതിനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയ നടപടി നിറുത്തിവയ്ക്കും. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. അജിത് ഹരിദാസ് ചെയർമാനായ ശേഷമുള്ള ബോർഡിന്റെ തീരുമാനങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാനും ബോർഡ് യോഗം തീരുമാനിച്ചു.

ബോർഡ് ചേരാതെ ചെയർമാൻ സർക്കാരിനെപ്പോലും അപകീർത്തിപ്പെടുത്തുന്ന തീരുമാനങ്ങളെടുത്തതിനെ ചോദ്യം ചെയ്ത അഞ്ച് അംഗങ്ങൾ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ചെയർമാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചെയർമാനെതിരെ അംഗങ്ങൾ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. രണ്ട് വകുപ്പ് ജോയിന്റ് സെക്രട്ടറിമാർ ഒഴികെ ബാക്കി അംഗങ്ങളെല്ലാം പങ്കെടുത്തു. ബോർഡംഗമായ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവാണ് ചെയർമാനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം കോർപ്പറേഷന്റെ മാലിന്യസംസ്കരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ചെയർമാൻ കൈക്കൊണ്ട നടപടികൾ വിവാദമാവുകയും ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടത് സ്ഥാനാർത്ഥിയായിരുന്ന മേയർ വി.കെ.പ്രശാന്തിനെതിരെ എതിരാളികൾ ആയുധമാക്കുകയും ചെയ്തിരുന്നു.