കൂടുതൽ വ്യക്തത വരുത്തി സർക്കാർ വിശദീകരണം
തിരുവനന്തപുരം: ആരാധനാലയങ്ങൾക്കും മതസ്ഥാപനങ്ങൾക്കും ഭൂമി പതിച്ച് നൽകാൻ കഴിഞ്ഞ ദിവസം മന്ത്രിസഭയെടുത്ത തീരുമാനത്തിൽ കൂടുതൽ വ്യക്തത വരുത്തി സർക്കാർ ഇന്നലെ വിശദീകരണക്കുറിപ്പ് പുറത്തിറക്കി. മതസ്ഥാപനങ്ങളും വിവിധ കലാസാംസ്‌കാരിക സംഘടനകളും വായനശാലകളും ധർമ്മസ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന ശരിയായ രേഖകളില്ലാത്ത ഭൂമിയിൽ, ഓരോ സ്ഥാപനത്തിന്റെയും ആവശ്യം നിറവേറ്റുന്നതിന് വേണ്ട ഭൂമിയാണ് (ഏറ്റവും കുറഞ്ഞ വിസ്തീർണം) പതിച്ചു നൽകുകയെന്ന് ഇതിൽ പറയുന്നു.
ഒാരോ വിഭാഗത്തിനും
പതിച്ചു നൽകുന്ന ഭൂമി
ആരാധനാലയങ്ങൾക്കു ശ്മശാനങ്ങൾക്കും ( ഭൂമി സ്വാതന്ത്ര്യത്തിനു മുമ്പ് മുതൽ കൈവശം വച്ചു
വരുന്നതാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ) -പരമാവധി ഒരേക്കർ .
മതസ്ഥാപനങ്ങൾക്കും ധർമ്മ സ്ഥാപനങ്ങൾക്കും - പരമാവധി 50 സെന്റ് .
കലാ കായിക സാംസ്‌കാരിക സംഘടനകൾക്കും വായനശാലകൾക്കും - പരമാവധി 10 സെന്റ്
ഇത്തരം സ്ഥാപനങ്ങളും സംഘടനകളും വാണിജ്യാവശ്യത്തിനു ഉപയോഗിക്കുന്ന ഭൂമി -പരമാവധി
15 സെന്റ്. (ഇതിന് കമ്പോള വില ഈടാക്കും).
മറ്റ് നിബന്ധനകൾ:
നഗര ഹൃദയങ്ങളിലെ തന്ത്രപ്രധാന സ്ഥലങ്ങൾ പതിച്ചു നൽകില്ല.
പതിച്ചു നൽകുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ,സ്ഥാപനം പ്രവർത്തനം നിറുത്തുകയോ, വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്താൽ ഭൂമി സർക്കാർ തിരിച്ചെടുക്കും.
കുത്തകപ്പാട്ടമായോ പാട്ടമായോ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചു നൽകുന്നതല്ല. എന്നാൽ പാട്ടം പുതുക്കി നൽകും.
ഭൂമി പതിച്ചു നൽകുന്ന എല്ലാ കേസുകളിലും അനുബന്ധ രേഖ സഹിതം വിശദമായ നിർദ്ദേശം ബന്ധപ്പെട്ട അധികാരികൾ സർക്കാരിന് സമർപ്പിക്കണം. ഓരോ കേസിലും സർക്കാർ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കും.