ശ്രീകാര്യം: കുണ്ടും കുഴിയും നിറഞ്ഞു അപകടാവസ്ഥയിലായ ശ്രീകാര്യം -പൗഡിക്കോണം റോഡിലെ അറ്റകുറ്റപ്പണിക്കെത്തിയ പൊതുമരാമത്ത് വിഭാഗം ജീവനക്കാർ ഇന്നലെ ഉച്ചയോടെ പണികൾ നിറുത്തിവച്ച് മടങ്ങി. ഈ റോഡിലെ വിവിധയിടങ്ങളിൽ നിലവിലെ കുടിവെള്ള പൈപ്പിലെ ചോർച്ചകളും മറ്റ് ജോലികളും പൂർത്തീകരിക്കേണ്ടത് വാട്ടർ അതോറിട്ടിയാണ്. പണികൾ നടത്താത്തതിനാൽ റോഡിലെ അറ്റകുറ്റപ്പണി സാദ്ധ്യമല്ലെന്നാണ് പൊതുമരാമത്ത് ജീവനക്കാർ പറയുന്നത്. മാസങ്ങൾക്കു മുമ്പ് റോഡിന് ഇരുവശത്തും പുതിയ പൈപ്പുകൾ സ്ഥാപിച്ചിടത്തും പഴയ പൈപ്പ് ലൈനുകളിലൂടെയും ലീക്കുണ്ടായിട്ടും ഇതുവരെ തകരാർ പരിഹരിച്ചിരുന്നില്ല.
അപകടകരമായ നിലയിൽ തകർന്നുകിടക്കുന്ന ശ്രീകാര്യം -പൗഡിക്കോണം റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ഫ്രാറ്റ് ശ്രീകാര്യം മേഖല ഭാരവാഹികൾ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിവേദനവും നൽകിയിരുന്നു. വാർത്തയുടെയും നിവേദനത്തിന്റെയും അടിസ്ഥാനത്തിൽ റോഡിലെ അറ്റകുറ്റപ്പണി ഉടൻ നടത്താൻ ജീവനക്കാർക്ക് മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ഇന്നലെ റോഡ് പണിക്കെത്തിയ പൊതുമരാമത്ത് വിഭാഗം ജീവനക്കാരാണ് പണികൾ നടത്താതെ മടങ്ങിയത്.