തിരുവനന്തപുരം: ബംഗാളികളെന്ന വ്യാജേന കേരളത്തിൽ ജോലിക്കെത്തി, വിസയും പാസ്പോർട്ടുമില്ലാതെ ജയിലിലായ ഏഴ് ബംഗ്ലാദേശികളെ ഇന്ന് നാടുകടത്തും. ശിക്ഷ തീർന്നെങ്കിലും ഡിറ്റൻഷൻ സെന്ററുകൾ ഇല്ലാത്തതിനാൽ മൂന്നു മാസത്തിലേറെയായി വിയ്യൂർ ജയിലിലായിരുന്നു ഇവർ. ബംഗ്ലാദേശ് എംബസി ഉദ്യോഗസ്ഥർ ജയിലിലെത്തി ഇവർ ബംഗ്ലാദേശ് പൗരന്മാരാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഒറ്റത്തവണ യാത്രയ്ക്കുള്ള പാസ് അനുവദിച്ചു. കേരള പൊലീസ് ഇവരെ ട്രെയിനിൽ കൊൽക്കത്തയിലും തുടർന്ന് ബംഗ്ലാദേശ് അതിർത്തിയിലും എത്തിച്ച് ബി.എസ്.എഫിന് കൈമാറും. ബി.എസ്.എഫ് ഇവരെ ബംഗ്ലാദേശ് അതിർത്തി രക്ഷാ സേനയായ ബംഗ്ലാദേശ് റൈഫിൾസിന് കൈമാറും.

യാത്രാരേഖകളില്ലാതെ രാജ്യത്ത് തങ്ങിയതിനാണ് ഇവരെ കോടതി ആറുമാസം ശിക്ഷിച്ചത്. ഇവരെ ജയിൽ ജോലികൾക്കും നിയോഗിക്കുമായിരുന്നു. ജോലിക്കുള്ള കൂലിയും നൽകി.

5 വസ്തുതകൾ

ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയിലെത്തുന്നവരുടെ പക്കൽ മടക്ക ടിക്കറ്റുണ്ടാവും. ടിക്കറ്റ് കാലാവധി കഴിഞ്ഞെങ്കിൽ പൊലീസ് എംബസിയുടെ സഹായം തേടും.

യൂറോപ്യൻ രാജ്യങ്ങളൊഴികെ പൊലീസിന്റെ അഭ്യർത്ഥന ചെവിക്കൊള്ളാറില്ല. ടിക്കറ്റോ അതിനുള്ള തുകയോ അനുവദിക്കാറുമില്ല.

എംബസി ഉദ്യോഗസ്ഥർ എത്തുംവരെ വിദേശികളെ ജയിലിലോ ലോക്കപ്പിലോ പാർപ്പിക്കാനാവില്ല. അതിനാൽ ഡൽഹിയിലും ബംഗളുരുവിലുമുള്ള ഡിറ്റൻഷൻ സെന്ററുകളിലേക്ക് കൊണ്ടുപോകാറുണ്ട്.

കേരളത്തിലെ വൻകിട ആശുപത്രികളിൽ ചികിത്സ നടത്തിയശേഷം പണമില്ലെന്ന് അമേരിക്കൻ പൗരന്മാർ കൈമലർത്തിയിട്ടുണ്ട്.

ഇവർക്കെതിരെ കേസെടുക്കുന്നതിന് പകരം കരിമ്പട്ടികയിൽ പെടുത്തി ഭാവിയിൽ ഇന്ത്യയിലെത്തുന്നത് തടഞ്ഞ് മടക്കി അയയ്ക്കുകയാണ് പതിവ്.

35

ബംഗ്ലാദേശ്, ആഫ്രിക്കൻ പൗരന്മാർ വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിക്കുന്നുണ്ട്.