തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കേരളോത്സവം രണ്ടു നാൾ പിന്നിട്ടപ്പോൾ 86 പോയിന്റുമായി കോഴിക്കോട് ജില്ല മുന്നിൽ. തൊട്ടുപിന്നിൽ 77 പോയിന്റുമായി കൊല്ലവും 69 പോയിന്റുമായി തൃശൂരുമുണ്ട്. 59 കലാമത്സരങ്ങളിലും 43 കായിക മത്സരങ്ങളിലുമായി 6900 ഓളം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. പഞ്ചായത്ത്, ബ്‌ളോക്ക്, ജില്ലാ തല മത്സരങ്ങളിൽ വിജയിച്ചവരാണ് ഇവർ.
സംസ്ഥാനതലത്തിൽ കലാ കായിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബ്ബിന് ഒന്നാം സമ്മാനമായി 1,50,000 രൂപയും രണ്ടാം സമ്മാനമായി 75,000 രൂപയും ലഭിക്കും. 50,000 രൂപയാണ് മൂന്നാം സമ്മാനം. വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങൾക്ക് ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 2,500 രൂപ, 2000 രൂപ, 1,500 രൂപ എന്നിങ്ങനെയാണ് അവാർഡ്.