തിരുവനന്തപുരം: പി. ഭാസ്കരനെ ഓർക്കേണ്ട പ്രാഥമിക ഉത്തരവാദിത്തമുള്ള സിനിമക്കാർ അദ്ദേഹത്തെ മറന്നിരിക്കുകയാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന 'മറക്കുവാൻ പറയാൻ എന്തെളുപ്പം' എന്ന പി. ഭാസ്കരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമാക്കാർ മറന്നാലും മലയാളം ഉള്ളിടത്തോളം കാലം പി. ഭാസ്കരൻ ഓർമ്മിക്കപ്പെടും. താത്കാലിക നേട്ടങ്ങൾക്കായി മാത്രം നിലകൊള്ളുന്നവരുടെ മേഖലയായി ഇന്ന് സിനിമാരംഗം മാറി. പഴയകാലത്ത് ചലച്ചിത്രരംഗത്തുണ്ടായിരുന്ന ആത്മർത്ഥതയും സ്നേഹ ബന്ധവും ഇന്നില്ല. സാമ്പത്തിക ലാഭം അതില്ലാതാക്കി. വൻ മുതൽ മുടക്കിൽ സിനിമകൾ നിർമ്മിക്കുമ്പോൾ നിർമ്മാതാക്കളുടെ പണത്തിന്റെ സ്രോതസിനെ കുറിച്ച് ശരിയായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു. ചെന്നൈ ദക്ഷിണ,​ തിരുവനന്തപുരം ശ്രുതിസാഗര എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ദക്ഷിണ പ്രസിഡന്റ് ഡോ. സി.ജി. രാജേന്ദ്രബാബു അദ്ധ്യക്ഷനായിരുന്നു. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ,​ ഗാന നിരൂപകൻ ടി.പി. ശാസ്തമംഗലം,​ എസ്.എസ്.പിള്ള,​ ഡോ. വിജയരാഘവൻ തുടങ്ങിയവർ സംസാരിച്ചു.