തിരുവനന്തപുരം: രാത്രി ഒറ്റയ്ക്കിറങ്ങി നടക്കുന്നതിലെ ഭയം തീർക്കാൻ നാളെ അർദ്ധരാത്രി സ്ത്രീകൾ തിരുവനന്തപുരം നഗരത്തിലിറങ്ങും. പതിനൊന്ന് മണി മുതൽ ഒരുമണിവരെ നഗരത്തിന്റെ വിവിധഭാഗങ്ങളിലൂടെ ഒറ്റയ്ക്ക് നടന്ന് പേടി മാറ്റും. ആരെങ്കിലും ഉപദ്രവിക്കാനെത്തിയാൽ വിവരമറിയും. ആ രീതിയിലാണ് സ്ത്രീകൾ നടത്തയ്ക്ക് രൂപം നൽകിയിരിക്കുന്നത്.
വനിതാ ശിശു വികസന വകുപ്പ് നിർഭയ ദിനത്തിൽ സംഘടിപ്പിക്കുന്ന 'പൊതുഇടം എന്റേതും' എന്ന പരിപാടിക്ക് വലിയ പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ നടക്കാനെത്തും. വിമൺ ഇൻ സിനിമ കളക്ടീവ് പ്രവർത്തകരും പിന്തുണ അറിയിച്ച് നടക്കും. അഞ്ചു വയസുകാരി മുതൽ അമ്പതുകാരി വരെ നടക്കും. ഇതിനകം നൂറുകണക്കിന് വനിതകളാണ് പരിപാടിയിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളതെന്ന് സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ പറഞ്ഞു.
രാത്രികാലങ്ങളിൽ പുറത്ത് ഇറങ്ങി നടക്കാൻ സ്ത്രീകൾക്ക് മാനസികമായ പ്രയാസങ്ങളും പേടിയുമുള്ള അവസ്ഥയാണുള്ളതെന്നും അത് മാറ്റിയെടുക്കുകയാണ് രാത്രി നടത്തത്തിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി കെ.കെ. ശൈലജ ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാന വ്യാപകമായി നടത്തം സംഘടിപ്പിക്കുന്നതിന്റെ ആദ്യപടിയാണ് തിരുവനന്തപുരം നഗരത്തിലേത്. പിന്നീട് കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ജില്ലാ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്ത സംഘടിപ്പിക്കും. അധികൃതരെ അറിയിക്കാതെയാകും രാത്രി നടക്കുക.
ഒറ്റയ്ക്ക് നടക്കും
കൂട്ടമായി നടക്കാതെ ഒറ്റ തിരിഞ്ഞു നടക്കുവാനാണ് സംഘാടകരുടെ തീരുമാനം. പരിപാടിയിൽ പങ്കെടുക്കുന്ന സ്ത്രീകളെ ആരെങ്കിലും ശല്യപ്പെടുത്തിയാൽ അവർക്ക് തക്കതായ ശിക്ഷ സ്ഥലത്തു വച്ച് തന്നെ ലഭിക്കും. നടത്തത്തെപ്പറ്റി അറിയാതെ ശല്യം ചെയ്യാൻ എത്തുന്നവരെ പരമാവധി നാറ്റിക്കാനാണ് തീരുമാനം. ഇവരുടെ പേരും മറ്റും പൊലീസിന്റെ സഹായത്തോടെ ശേഖരിച്ചശേഷം മുഴുവൻ വിവരങ്ങളും ഫേസ്ബുക്കിലും മറ്റ് സാമൂഹ്യ മാദ്ധ്യമങ്ങളിലും പോസ്റ്റ് ചെയ്യും. എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ ഇടപെടാൻ ഇവരോടൊപ്പം വോളന്റിയർമാരും പൊലീസും ഉണ്ടാകും.
തമ്പാനൂർ, കിഴക്കേക്കോട്ട എന്നിങ്ങനെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് നടക്കുക. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ടെക്നോപാർക്കിന്റെ പരിസരത്തും നടക്കും. രാത്രി സമയങ്ങളിലും മറ്റും സ്ത്രീകൾക്ക് സമാധാനപരവും സുരക്ഷിതവുമായി യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അധികൃതർ പറയുന്നു.