കാട്ടാക്കട: സിംഹഗർജനം കേൾക്കാനായി നെയ്യാർ ലയൺ സഫാരി പാർക്കിലെത്തുന്നവർ നിരാശരായി മടങ്ങുന്നു.
തെക്കൻകേരളത്തിലെ പ്രധാന ടൂറിസ്റ്ര് കേന്ദ്രമായ നെയ്യാർഡാമിലെ ലയൺ സഫാരി പാർക്ക് സഞ്ചാരികൾ കയ്യൊഴിയുകയാണ്.
സിംഹങ്ങളെ കാണാനെത്തുന്നവർക്ക് വളരെ അവശയായ ഒരു പെൺസിഹംഹത്തെ മാത്രം കണ്ട് മടങ്ങേണ്ട അവസ്ഥയാണ്. അതും ഭാഗ്യമുണ്ടെങ്കിൽ മാത്രം.സഫാരിപാർക്കിലേക്കായി ഗുജറാത്തിൽ നിന്നും ഒരു സിംഹത്തെ മാസങ്ങൾക്ക് മുൻപ് എത്തിച്ചെങ്കിലും തിരുവനന്തപുരത്തെ മൃഗശാലയിൽ വച്ച് ഇത് അസുഖം ബാധിച്ച് ചത്തു. ഇതോടെ നെയ്യാറിലെ ലയൺ സഫാരി പാർക്കിൽ സിംഹം ഒരെണ്ണം മാത്രമായി.
നെയ്യാർഡാം മരക്കുന്നത്തെ കാട്ടിൽ 1994ലാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ സഫാരിപാർക്ക് തുടങ്ങുന്നത്.
സിംഹങ്ങളുടെ എണ്ണം കൂടിയതോടെ സന്ദർശകരുടെ എണ്ണവും വരുമാനവും വർദ്ധിച്ചു. എന്നാൽ സിംഹങ്ങളുടെ സംരക്ഷണം വനം വകുപ്പിന് ബാധ്യതയായി മാറിയതോടെ ചെലവ് ചുരുക്കലിന്റെ പേരിൽ സിംഹങ്ങളുടെ എണ്ണം കുറയ്ക്കാൻ ആൺ സിംഹങ്ങളെ വന്ധ്യം കരിക്കാൻ തീരുമാനിച്ചു. ഇതിനെരെ പ്രതിഷേധം ശക്തമായെങ്കിലും ആൺ സിംഹങ്ങളെ 2005 ൽ വന്ധ്യംകരിച്ചു ഇതോടെ പാർക്കിന്റെ ശനിദശയും തുടങ്ങി. അസുഖം ബാധിച്ചും മറ്റും സിംഹങ്ങൾ ചത്തൊടുങ്ങാൻ തുടങ്ങി. അവസാനമായി മഞ്ചു എന്ന പെൺസിംഹവും ചത്തതോടെ സിംഹങ്ങളുടെ എണ്ണം രണ്ടായി ചുരുങ്ങി. ഇപ്പോൾ പാർക്കിൽ ബാക്കിയുള്ളത് വദ്ധ്യംകരിച്ച് അവശനിലയിൽ കഴിയുന്ന ഒരു പെൺസിംഹം മാത്രമാണ്. പ്രായാധിക്യമുള്ള ഈ സിംഹം ഇനി എത്ര കാലം കൂടി ജീവിച്ചിരിക്കും എന്നതിനുറപ്പുമില്ല.
അഞ്ച് വർഷം മുൻപ് ഗുജറാത്തിലെ മൃഗശാലയിൽ നിന്നും ഒരു ജോഡി സിംഹങ്ങളെ നെയ്യാർ ഡാമിലേയ്ക്ക് കൊണ്ടുവന്ന് പാർക്ക് സജീവമാക്കാൻ വനം വകുപ്പ് തീരുമാനിച്ചതാണ്.എന്നാൽ ഒരു സിംഹത്തെ ഡാമിലെ പാർക്കിൽ എത്തിക്കാനുള്ള അവസാന ശ്രമവും വിഫലമായി. അധികൃതരുടെ അനാസ്ഥകാരണം നെയ്യാർ ഡാമിലെ വന്യജീവി കാഴ്ചകൾ അച്ചടിച്ച പുസ്തകത്തിലെ ചിത്രങ്ങളായി അവശേഷിക്കുമെന്നതിൽ സംശയമില്ല.
പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിൽ സഞ്ചാരികൾ എത്തുന്നത് തന്നെ ഇവിടുത്തെ ചീങ്കണ്ണി- മാൻ പാർക്കുകൾ, കോട്ടൂർ ആന സഫാരി പാർക്ക് എന്നിവ കാണാനാണ്.
ടൂറിസം മേഖലയിൽ വലിയ വികസന സാദ്ധ്യതകളാണ് നെയ്യാർഡാമിലുള്ളത്. ആളുകൾക്ക് ഏറെ ആകർഷണീയമായ പാർക്കാണ് ലയൺസഫാരി പാർക്ക്. പാർക്കിനെ സജീവമാക്കാൻ ഗവൺമെന്റ് ഗുജറാത്തിൽ നിന്നും സിംഹങ്ങളെ എത്തിക്കാൻ വീണ്ടു നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ലയൺ സഫാരി പാർക്ക് എന്നാണ് പേരെങ്കിലും ഇപ്പോൾ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടി ചികിത്സിക്കാനുള്ള കേന്ദ്രമാക്കിമാറ്റാനാണ് വനം വകുപ്പിന്റെ ശ്രമമെന്നും ആക്ഷേപമുണ്ട്.
1994........4 സിംഹങ്ങൾ
2000.......17
2018......2
2019.......1
സിംഹങ്ങളുടെ ശരാശരി ആയുസ് 17 വയസ്