ഒരു സന്ദർശകൻ. കോളേജദ്ധ്യാപകനാണ്. ക്രിസ്തുമത വിശ്വാസിയും. 'സുവിശേഷങ്ങൾ വേദാന്തദൃഷ്ടിയിൽ" എന്ന പുസ്തകം വഴിയാണ് എന്റെയടുക്കലെത്തിയത്.
തത്ത്വപരമായ കാര്യങ്ങളെക്കാൾ വ്യക്തിപരമായ കാര്യങ്ങളാണ് സംസാരിച്ചത്. പല മാനസികപ്രശ്നങ്ങളും മുന്നിലെടുത്തിട്ടു. ഒരു മനഃശാസ്ത്രജ്ഞനെയും കണ്ട് ഉപദേശം തേടിയിട്ടുള്ളതാണ്.
മനഃശാസ്ത്രജ്ഞൻ പറഞ്ഞത്രേ:
''നിങ്ങളുടെ ഉപബോധമനസും ബോധമനസും തമ്മിലൊരു വിടവു കാണുന്നു. ഈ വിടവില്ലാതായി, രണ്ടു ബോധതലങ്ങളും തമ്മിൽ ഇണക്കം വരണം. അപ്പോൾ നിങ്ങളുടെ പ്രശ്നം തീരും.""
ഞാൻ പറഞ്ഞു: ''ഉപബോധമനസെന്നും ബോധമനസെന്നും അദ്ദേഹം പറഞ്ഞു. മനസിന്റെ ഈ രണ്ടു തലങ്ങളെപ്പറ്റി അദ്ദേഹത്തിനു വ്യക്തമായറിയാമോ? മനസെന്നാൽ എന്താണെന്നെങ്കിലും അദ്ദേഹത്തിനു പറഞ്ഞുതരാനറിയാമോ?""
സന്ദർശകൻ : ''മനസെന്നതു തലച്ചോറു തന്നെയല്ലേ?""
''തലച്ചോറെന്നത്, മറ്റവയവങ്ങളെപ്പോലെ ശരീരത്തിലെ ഒരവയവം മാത്രമല്ലേ?""
''ആണെങ്കിലും തലച്ചോറിലാണല്ലോ എല്ലാ മാനസിക പ്രവർത്തനങ്ങളും നടക്കുന്നത്?""
''അങ്ങനെയാണോ? ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്ലാതെ തലച്ചോറിനു മാത്രം പ്രവർത്തിക്കാനാവുമോ?
''അതില്ല.""
''അതായത്, മനസ് പ്രവർത്തിക്കണമെങ്കിൽ തലച്ചോറിനോടൊപ്പം മറ്റവയവങ്ങളും പ്രവർത്തിക്കണം. മനസിന്റെ പ്രവർത്തനത്തിനാവശ്യമായ നാഡികൾ കേന്ദ്രീകരിച്ചിരിക്കുന്നത് തലച്ചോറിലാണെന്നു മാത്രം. അതേസമയം ആ നാഡീവ്യൂഹം ശരീരം മുഴുവൻ വ്യാപിച്ചിരിക്കുകയും ചെയ്യുന്നു.
എന്താണ് മനസ് എന്ന് ഏതെങ്കിലും മനഃശാസ്ത്രജ്ഞൻ നിർവചിക്കുകയോ വിശദീകരിക്കുകയോ ചെയ്യുമോ? ഇല്ല. പല മനഃശാസ്ത്രജ്ഞന്മാരോടും ഇക്കാര്യം ഞാൻ ചോദിച്ചിട്ടുണ്ട്. മനഃശാസ്ത്രനിഘണ്ടുക്കളും വിജ്ഞാനകോശങ്ങളും നോക്കിയിട്ടുണ്ട്. മനസ് എന്നതിനെ ആരും നിർവചിക്കുന്നില്ല. അപ്പോൾ ഉപബോധമനസിനെയും ബോധമനസിനെയും എങ്ങനെ നിർവചിക്കും? അതായത്, നിർവചിക്കാനാകാത്ത മനസിനെപ്പറ്റിയുള്ള ശാസ്ത്രമാണ് മനഃശാസ്ത്രം.
മനസ് എന്നത് നിർവചിക്കാനാകാത്ത ഒരത്ഭുത പ്രതിഭാസമാണ്.
വാസ്തവത്തിൽ മനസു മാത്രമാണോ അത്ഭുതപ്രതിഭാസമായിരിക്കുന്നത്? നമ്മുടെ ശരീരവ്യവസ്ഥയും അതേപോലെ അത്ഭുതം തന്നെയല്ലേ? ശരീരത്തിന്റെ ഓരോ ഭാഗത്തും എന്തു നടക്കുന്നു എന്നു ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇതെല്ലാം എങ്ങനെ നടക്കുന്നു എന്ന് ഒരു ശാസ്ത്രവും കണ്ടെത്തിയിട്ടില്ല.
''നാം, കഴിക്കുന്ന, ഭൗതികവസ്തുവായ ആഹാരപദാർത്ഥങ്ങൾ നമ്മുടെ സ്പതധാതുക്കളായും മലമൂത്രങ്ങളായും പിരിയുന്ന പ്രക്രിയ എങ്ങനെ നടക്കുന്നു? പ്രായംകൊണ്ട് ശരീരഘടനയിൽ മാറ്റമുണ്ടാകുന്നതെങ്ങനെ? മരണമെന്നാലെന്ത്? ജനനമെന്നാലെന്ത്? ഇതൊക്കെ മഹാത്ഭുതങ്ങളായി ശേഷിക്കുന്നതേയുള്ളൂ! വാസ്തവത്തിൽ പ്രപഞ്ചം എന്ന മഹാത്ഭുതത്തിലെ ഒരു ചെറുതരി അത്ഭുതമാണ് നമ്മുടെ ശരീരവും മനസും ഒക്കെ,
''നാമിങ്ങറിയുവതല്പം എല്ലാ -
മോമനേ ദൈവസങ്കല്പം.
എന്നു പാടാനേ തോന്നുന്നുള്ളൂ.""