കല്ലമ്പലം: ഗ്രഹണസമയത്ത് ആഹാരം കഴിക്കരുതെന്ന അന്ധവിശ്വാസത്തിനെതിരെ കപ്പ കഴിച്ച് കുട്ടികളും രക്ഷാകർത്താക്കളും. പുല്ലൂർമുക്ക് ഗവ. എൽ.പി.എസിൽ ഒത്തുചേർന്നവരാണ് ക്രിയാത്മകമായ പ്രതികരണം നടത്തിയത്. പുല്ലൂർമുക്ക് ഗവ. എൽ.പി.എസും, ദേശീയ ഗ്രന്ഥശാലയും, ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി ഗ്രഹണദിനത്തൽ ‘സൗര 2019’ എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികൾക്ക് നേതൃത്വം നൽകി. ശാസ്ത്രഗതി ചീഫ് എഡിറ്റർ രമേശ് പഠന ക്ലാസ് നയിച്ചു. വിഡിയോ പ്രദർശനവും, സൗര കണ്ണട നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഷഹിൻ പി.എം, ദേശീയ ഗ്രന്ഥശാല സെക്രട്ടറി ഷാജഹാൻ, പരിഷത് പ്രതിനിധി രാജീവ്, നവാസ് തുടങ്ങിയവർ സംസാരിച്ചു.