loka-kerala-sabha

തിരുവനന്തപുരം: ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നിയമസഭാ മന്ദിരത്തിൽ നടക്കും. നിയമസഭയുടെ താഴത്തെ നിലയിലെ മോടിപിടിപ്പിച്ച ശങ്കരനാരായണൻ തമ്പി ഹാളിലാണ് പരിപാടി നടക്കുകയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. പ്രഥമ സമ്മേളനത്തിൽ 28 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ 47 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികൾ പങ്കെടുക്കും.

351 അംഗങ്ങളാണ് സഭയിൽ ഉള്ളത്. സംസ്ഥാന നിയമസഭാംഗങ്ങളും കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളും ഉൾപ്പെടെയാണിത്. 178 പേർ പ്രവാസി പ്രതിനിധികളായിരിക്കും. മുഖ്യമന്ത്രിയായിരിക്കും സഭാ നേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവായിരിക്കും. സ്പീക്കർ അദ്ധ്യക്ഷനായ പ്രിസീഡിയമാണ് സഭ നിയന്ത്രിക്കുക.

പഴയ സഭയിലെ 58 പേർ ഒഴിവാകുകയും പുതുതായി 58 പേർ പ്രതിനിധികളാവുകയും ചെയ്യും. ഇതിന് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ മലയാളികളെയും പങ്കെടുപ്പിക്കും. സഭയുടെ ഏഴ് സ്റ്രാൻ‌ഡിംഗ് കമ്മിറ്രികൾ ശുപാശ ചെയ്ത പ്രവാസി പെൻഷൻ പദ്ധതി, നിക്ഷേപ സമാഹരണത്തിന് കമ്പനി തുടങ്ങിയ പത്ത് വിഷയങ്ങളിൽ എട്ടെണ്ണത്തിലും സർക്കാർ നടപടികളെടുത്തിട്ടുണ്ടെന്ന് സ്പീക്കർ അറിയിച്ചു.

ബുധനാഴ്ച വൈകിട്ട് 5ന് നിശാഗന്ധിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായിരിക്കും. രണ്ടാം ദിവസം ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ പ്രസംഗിക്കും. ഉച്ചയ്ക്ക് 2 ന് ശേഷം 7 മേഖലാ യോഗങ്ങൾ നടക്കും. വൈകിട്ട് 4ന് വിഷയാടിസ്ഥാനത്തിൽ 8 സമ്മേളനങ്ങളും നടക്കും. ജനുവരി 3ന് രാവിലെ 9ന് ഏഴ് മേഖലായോഗങ്ങളുടെ റിപ്പോർട്ടിംഗും 11.30ന് പ്രമേയാവതരണവും നടക്കും. 12.30ന് മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും.

ലോകകേരള സഭയിൽ പ്രതിപക്ഷത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്താൻ ശ്രമം നടത്തും. സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സ്പീക്കർ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ മലപ്പുറത്തെ വീട്ടിൽ പോയി കണ്ട് സഹകരണം അഭ്യ‌ർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.