കടയ്‌ക്കാവൂർ: കടയ്‌ക്കാവൂർ മീരാൻ കടവിൽ നടന്ന അഞ്ചുതെങ്ങ് ജലോത്സവം സമാപിച്ചു. കഴിഞ്ഞദിവസം വൈകിട്ട് നടന്ന മത്സര വള്ളംകളി ആറ്റിങ്ങൽ ഡിവൈ.എസ്.പി പി.വി. ബേബി ഫ്ലാഗ് ഓഫ് ചെയ്‌തു. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ കാക്കാമൂല ബ്രദേഴ്സ് ബോട്ട് റൈസ് ക്ളബ് ഒന്നാം സ്ഥാനവും, ബ്ളൂ ബേർഡ്സ് ആർട്സ് ആൻഡ് സ്‌പോർട്സ് രണ്ടാം സ്ഥാനവും, വടക്കേകര ചുണ്ടൻ ഉൗക്കോട് മൂന്നാം സ്ഥാനവും, കിഴക്കേകര ചുണ്ടൻ നാലാം സ്ഥാനവും നേടി.
പ്രൊഫഷണൽ നാടക മത്സരത്തിൽ തിരുവനന്തപുരം വേദവ്യാസയുടെ 'മറിമായം" ഒന്നാം സമ്മാനവും മൈനാകപള്ളി ചാണക്യൻ തിയേറ്റർ ഗ്രൂപ്പിന്റെ 'ഐറ്റം" രണ്ടാം സമ്മാനവും നേടി. മികച്ച നടനായി ആലപ്പി ജോൺസണെയും നടിയായി ലക്ഷ്മി എൽ. നായരെയും സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിന് പ്രദീപ് നീലാംബരി, കിരൺബാബു എന്നിവരെയും തിരഞ്ഞെടുത്തു.
ഒന്നാം സമ്മാനം നേടിയ നാടകത്തിന് കടയ്‌ക്കാവൂർ കുഞ്ഞിക്കൃഷ്ണപണിക്കർ സ്‌മാരക എവറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാന നേടിയവർക്ക് പിറവി കലാകാരന്മാരുടെ കൂട്ടായ്‌മയുടെ ട്രോഫിയും നൽകി. സമാപന സമ്മേളനം അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ പ്രവീൺ ചന്ദ്ര അദ്ധ്യക്ഷത വഹിച്ചു. വട്ടപറമ്പിൽ പീതാംബരൻ, ആറ്റിങ്ങൽ വി.എസ്. അജിത്കുമാർ, കടയ്‌ക്കാവൂർ അജയബോസ്, എൻ. ജ്യോതിബാസു, വനജാബോസ്, സുനി പി. കായിക്കര, എ.കെ. സുൽഫിക്കർ, പെരുമാതുറ ശ്യാം, കടയ്‌ക്കാവൂർ അനീഷ്, പെരിനാട് ജി. ബാബുകുട്ടൻ, എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജലോത്സവ കമ്മിറ്റി ജനറൽ കൺവീനർ ബി.എൻ. സൈജുരാജ് സ്വാഗതവും പറവി ഉപദേശക സമിതി കൺവീനർ ഡോ. ജി. മനോജ്കുമാർ നന്ദിയും പറഞ്ഞു.