തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും അപകടരമാണെന്നും രണ്ടും മുസ്ലീങ്ങൾക്ക് എതിരാണെന്നും മുൻ കേന്ദ്രമന്ത്രി പി.ചിദംബരം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച്, രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കൂ എന്ന ആഹ്വാനവുമായി കെ.പി.സി.സി രാജ്ഭവനിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമ ഭേദഗതിക്കെതിരായ പോരാട്ടം മുസ്ലീങ്ങളും സർക്കാരും തമ്മിലുള്ളതല്ലെന്നും ഇന്ത്യൻ പൗരന്മാരും ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന സർക്കാരും തമ്മിലുള്ള ഏറ്റമുട്ടലാണെന്നും ചിദംബരം പറഞ്ഞു. ഇന്ത്യൻ എന്ന വികാരത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. എല്ലാവർക്കും തുല്യമായ അവകാശവും അവസരവും ഭരണഘടന നൽകുന്നുണ്ട്. അത് തകർക്കാനാണ് ശ്രമം. ലോക്‌സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിൽ അവർ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ മാറ്റിമറിച്ചേനെ. അതിന് കഴിയാത്തതിനാൽ പിൻവാതിലിലൂടെ തകർക്കാനാണ് ശ്രമിക്കുന്നത്.
രണ്ട് മാസം ചർച്ച ചെയ്തുണ്ടാക്കിയ പൗരത്വബിൽ മൂന്നു ദിവസം കൊണ്ടാണ് ഈ കേന്ദ്രസർക്കാർ പൊളിച്ചെഴുതിയത്. എൻ.ആർ.സിയും, സി.എ.എയും അപകടരമാണ്. ഇവ സയാമീസ് ഇരട്ടകളാണ്. രണ്ടും മുസ്ലീങ്ങൾക്കെതിരാണ്. ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണ്. ഇന്ത്യൻ യുവത്വമാണ് അപകടം ആദ്യം തിരിച്ചറിഞ്ഞത്. പൗരത്വഭേദഗതിയിലെ പ്രതിഷേധത്തിന് ജാതിമത വേർതിരിവുകളില്ല. ഭരണഘടന അട്ടിമറിച്ച് ഹിന്ദുരാഷ്ടം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് നിലവിൽ വന്നാൽ പഴയ ജാതി സമ്പ്രദായം തിരിച്ചുവരും. മുസ്ലീങ്ങൾക്ക് മാത്രമല്ല ദളിത്, ഗോത്രവിഭാഗങ്ങളും 100 വർഷം മുമ്പുണ്ടായിരുന്ന പീഡനം അനുഭവിക്കേണ്ടിവരും. അത് അനുവദിക്കാനാകില്ല -- ചിദംബരം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി വൈസ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, മുൻ പ്രസിഡന്റ് എം.എം.ഹസൻ എന്നിവർ സംസാരിച്ചു.