നെയ്യാറ്റിൻകര: ശിവഗിരി തീർത്ഥാടനത്തിന് എത്തുന്ന ഭക്തജനങ്ങളെ വരവേൽക്കാൻ അരുവിപ്പുറം ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞ വർഷം മൂന്നു ലക്ഷത്തിലേറെപ്പേരാണ് ശിവഗിരി തീർത്ഥാടനം ശേഷം അരുവിപ്പുറത്തെത്തിയത്. ഇത്തവണ ഇതിലും കൂടുതൽ ഭക്തജനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ. 30 മുതൽ ജനുവരി 1 വരെയാണ് പ്രഖ്യാപിത തീർത്ഥാടന നാളെങ്കിലും അവധിക്കാലം തുടങ്ങിയപ്പോഴേ അന്യ ജില്ലകളിൽ നിന്നു തീർത്ഥാടകർ എത്തിത്തുടങ്ങി. കുമാരഗിരിയെന്ന അരുവിപ്പുറത്തെ കൊടിതൂക്കിമലയിൽ പുതുയായി സ്ഥാപിച്ച ഗുരുക്ഷേത്രത്തിലേക്കും ധാരാളം ഭക്ത ജനങ്ങൾ മലകയറിയെത്തുന്നുണ്ട്. ഇവിടെ കയറി നിന്നാൽ നെയ്യാർ തീരത്തെ മാമല മുതൽ കോവളത്തെ സമുദ്രതീരം വരെ കാണാം. മുൻപൊക്കെ അരുവിപ്പുറം ക്ഷേത്ര പരിസരത്തു നിന്നും കാൽനടയായി പടികൾ കയറിയാണ് കൊടിതൂക്കിമലയിലേക്ക് തീർത്ഥാടകർ എത്തിച്ചേർന്നിരുന്നത്. കൊടിതൂക്കിമലയിലേക്ക് ആധുനിക രീതിയിൽ നടപ്പാതയും ജലവിതരണവും ഏർപ്പാടാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഈ സീസണിൽ എത്തിയത് - 3 ലക്ഷത്തിലേറെ ഭക്തജനങ്ങൾ
നെയ്യാർ
അരുവിപ്പുറത്തെ നെയ്യാറിലെ തെളിനീരിലെ കുളി ഭക്തർക്ക് ഉന്മേഷദായകമാണ്. ഇവിടത്തെ ശങ്കരൻ കുഴിയിൽ നിന്നുമാണ് അരുവിപ്പുറത്തെ ശിവക്ഷേത്രത്തിൽ സ്ഥാപിക്കാനായി ഗുരുദേവൻ ഉരുളൻ കല്ല് മുങ്ങിയെടുത്തത്. വലിയ ഒഴുക്കില്ലാത്ത പാറകൾ നിറഞ്ഞ നദിയിൽ കുളിക്കാൻ ധാരാളം ഭക്തജനങ്ങളാണെത്തുന്നത്.
പുതിയ റോഡ്
നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷനിൽ നിന്നും തവരവിളയിലേക്ക് പോകുന്ന റോഡിന് സമീപത്തായി കൊടിതൂക്കിമലയിലേക്കും അരുവിപ്പുറത്തേക്കും പോകുവാനായി പുതിയ റോഡും നിർമ്മിച്ചിട്ടുണ്ട്. തീർത്ഥാടകർക്ക് ഇതു വഴി സുഗമമായി തിരക്കില്ലാതെ അരുവിപ്പുറത്തേക്ക് എത്തിച്ചേരാം. അമരവിളയിൽ നിന്നു മാരായമുട്ടത്തെത്തി അവിടെ നിന്ന് അരുവിപ്പുറം റോഡിലേക്കും ഗതാഗത കുരുക്കില്ലാതെ എത്തിച്ചേരാം.
ഗുരുപൂജനടത്തുന്ന തീർത്ഥാടകർക്കായി രാവിലെയും ഉച്ചക്കും ഭക്ഷണവും ലഭ്യമാണ്. ശ്രീനാരയാണ ധർമ്മ സംഘം ട്രസ്റ്റിന് മേൽനോട്ടത്തിൽ തീർത്ഥാടകർക്കായി അലോപ്പതി, ഹോമിയോ, ആയുർവേദ ഡിസ്പൻസറികളും മറ്റ് എല്ലാ വിധ സൗകര്യങ്ങളുമുണ്ടാകും. വോൾവാ ബസ് പോലുള്ള വലിയവാഹനങ്ങളിൽ എത്തുന്നതിനാൽ അരുവിപ്പുറത്തേക്ക് വൺവേ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
സൗജന്യ ഇടത്താവളങ്ങൾ
അരുവിപ്പുറത്തേക്കും ഗുരുദേവൻ തപസിരുന്ന തമിഴ്നാട്ടിലെ പിള്ളത്തടത്തേക്കും മറ്റും യാത്ര പോകുന്ന ശിവഗരി തീർത്ഥാടകർക്ക് അമരവിള ശ്രീനാരായണ തൃപ്പാദ ചാരിറ്റബിൽ ട്രസ്റ്റും പ്രത്യാശ വൃദ്ധാലയവും ചേർന്ന് അമരവിള ശ്രീനാരായണ നഗറിലും എസ്.എൻ.ഡി.പി യോഗം പുത്തനമ്പലം ശാഖയിലും സൗജന്യ ഭക്ഷണവും വിശ്രമ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
അരുവിപ്പുറത്ത് അന്നദാനം
ശിവഗിരി തീർത്ഥാടകർക്കായി അരുവിപ്പുറം നവോത്ഥാൻ മണ്ഡലിന്റെ നേതൃത്വത്തിൽ അരുവിപ്പുറം എസ്.എഡി.പി ശാഖാ ഓഡിറ്റോറിയത്തിൽ 29 മുതൽ 31 വരെ മൂന്ന് നേരം ഭക്ഷണം സജ്ജീകരിച്ചിട്ടുണ്ട്.
.