കാട്ടാക്കട: പ്രകൃതി ദുരന്തമോ തീപിടുത്തമോ ഉണ്ടായാൽ പേടിക്കേണ്ട.തൊട്ടടുത്ത് ദുരന്ത മുഖത്ത് കൈത്താങ്ങായി പരിശീലനം സിദ്ധിച്ച യുവതീ യുവാക്കൾ തൊട്ടടുത്തുണ്ട്.നെയ്യാർഡാം ഫയർഫോഴ്സിന്റെ പരിധിയിലുള്ള 50 യുവതീ യുവാക്കളാണ് സേവന സന്നദ്ധരായി കേരളാ ഫയർഫോഴ്സിന്റെ സിവിൽ ഫിഫൻസിന്റെ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയത്.
പരിശീലനത്തിൽ എത്തിയവർക്ക് പ്രഥമ ശുശ്രൂഷ,വെള്ളപ്പൊക്ക രക്ഷാ പ്രവർത്തനം,അപകട പ്രതികരണ പരിശീലനം,അഗ്നിബാധ നിവാരണ പരിശീലനം,ദുരന്ത നിവാരണവും പൊതുജന ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലാണ് വിദഗ്ദ്ധ പരിശീലനം നൽകിയത്.മൂന്ന് ദിവസങ്ങളിലായിട്ടാണ് യുവാക്കൾ പരിശീലനം പൂർത്തിയാക്കിയത്.നെയ്യാർഡാം സ്റ്റേഷൻ ഓഫീസർ ടി.പ്രതാപ്കുമാർ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.എസ്.പ്രതാപ് കുമാർ,ഫയർ ഓഫീസർമ്മാരായ ഡോ.ബി.എസ്.അരുൺ ശശി,എസ്.പി.രാജീവ് കുമാർ,ആർ.ജിനേഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.വരും ദിവസങ്ങളിൽ സേവന സന്നദ്ധരായി വന്നവർക്ക് കൂടുതൽ വിദഗ്ദ്ധ പരിശീലനത്തിനും അവസരമുണ്ടാകുമെന്ന് നെയ്യാർഡാം സ്റ്റേഷൻ ഓഫീസർ ടി.പ്രതാപ്കുമാർ പറയുന്നു.