തിരുവനന്തപുരം : പൗരത്വ നിയമത്തിന്റെ പേരു പറഞ്ഞ് ഗവർണർക്കും കേന്ദ്രമന്ത്രിമാർക്കും നേരെ പ്രകോപനം തുടർന്നാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ തിരിച്ചും അതുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയ ചരിത്ര കോൺഗ്രസിനിടെ ഗവർണർക്കെതിരെ നടന്ന പ്രതിഷേധത്തിൽ സി.പി.എം ഗൂഢാലോചനയുണ്ട്. വിശദമായ അന്വേഷണം വേണം. ഗവർണറുടെ പരിപാടി തടസപ്പെടുത്തിയവരെ പിടികൂടാൻ പൊലീസിനായില്ല. ഗവർണർക്ക് സുരക്ഷ നൽകാൻ സാദ്ധ്യമല്ലെന്ന് സർക്കാർ അറിയിച്ചാൽ കേന്ദ്രം മറ്റു വഴി നോക്കും. മുസ്ലിം വോട്ടു ബാങ്കിനു വേണ്ടിയുള്ള മത്സരമാണ് സി.പി.എമ്മും കോൺഗ്രസും നടത്തുന്നത്. സർക്കാർ വിളിച്ചിരിക്കുന്ന സർവകക്ഷിയോഗത്തിൽ ബി.ജെ.പി നിലപാട് വ്യക്തമാക്കും.