ആറ്റിങ്ങൽ: ക്രസ്മസ് ആഘോഷം കഴിഞ്ഞ് പുതുവർഷത്തെ വരവേൽക്കാൻ കുടുംബ സമേതം ഒരു ഔട്ടിംഗ്. അത് കേരളകൗമുദി മാമത്ത് ഒരുക്കിയ ഡിസംബർ ഫെസ്റ്റിലേക്ക് തന്നെ എന്നതുപോലെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രതീതി. ഇന്നലെയും ജനം ഫെസ്റ്റിൽ മതിമറന്ന് ഉല്ലസിക്കുന്നത് കാണാമായിരുന്നു. ഡിസംബർ ഫെസ്റ്റ് ഏഴു ദിനങ്ങൾ പിന്നിട്ട് ഏഴാം നാളിലെത്തുമ്പോൾ കണ്ടവർ കണ്ടവർ കൂട്ടുകാരുമായും കുടുംബവുമായും വീണ്ടും എത്തുകയാണ്. ജനുവരി 5 വരെയാണ് ഈ കൗതുക കാഴ്ചകൾ കാണാൻ അവസരം ഒരുക്കിയിട്ടുള്ളത്.
കേരളകൗമുദി, കൗമുദി ടി.വി, സ്വയംവര സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഡിസംബർ ഫെസ്റ്റ് നടക്കുന്നത്. ന്യൂരാജസ്ഥാൻ മാർബിൾസ്, കൈരളി ജുവലേഴ്സ് എന്നിവരാണ് ഫെസ്റ്റിന്റെ കോ - സ്‌പോൺസർമാർ. 92.7 ബിഗ് എഫ്.എമ്മാണ് റേഡിയോ പാർട്ണർ. വിസ്‌മയ, കേരള ടുഡേ എന്നിവർ ചാനൽ പാർട്ണർമാരും ഹൃദയപൂർവം ന്യൂസ് ഓൺലൈൻ ന്യൂസ് പാർട്ണറുമാണ്. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ‌് അതോറിട്ടി ഒഫ് ഇന്ത്യ, നാഷണൽ എസ്.സി / എസ്.ടി ഹബ് എന്നിവയുടെ പൂർണ പിന്തുണയും മേളയ്‌ക്കുണ്ട്. ഓരോ ദിനങ്ങൾ പിന്നിടുമ്പോൾ തലമുറകളുടെ ആഘോഷ സംഗമ വേദിയായി മാറുകയാണ് ഫെസ്റ്റ്.
ആറ്റിങ്ങൽ നഗരത്തിലെ വീർപ്പുമുട്ടിക്കുന്ന അന്തരീക്ഷത്തിൽ നിന്ന് കുടുംബാംഗങ്ങളോടൊപ്പം മാമം ഗ്രൗണ്ടിലെ പ്രദർശന നഗരിയിലേക്ക് എത്തുമ്പോൾ ജനം ആശ്വാസം കൊള്ളുകയാണ്. ആറ്റിങ്ങലിൽ വാഹനങ്ങൾ പാർക്കു ചെയ്യുക എന്നതാണ് ഏവരേയും വിഷമിപ്പിക്കുന്നത്. അറിയാതെ എവിടെയെങ്കിലും പാർക്കു ചെയ്താൽ പണി കിട്ടിയതുതന്നെ. എന്നാൽ മാമത്തെ ഫെസ്റ്റിൽ എത്തിയാൽ പാർക്കിംഗ് ഒരു പ്രശ്നമേ അല്ല. ടെൻഷനില്ലാതെ വാഹനങ്ങൾ പാർക്കു ചെയ്ത് ജനം മണിക്കൂറുകളോളം ഇവിടെ ചെലവിടുകയാണ്.
പഴയ തലമുറക്കാർ നുണഞ്ഞു രസിച്ച നാരങ്ങാ മിഠായി മുതൽ പുതു തലമുറ ആസ്വദിക്കുന്ന തേൻ മിഠായിവരെ സ്റ്റാളുകളിലുണ്ട്. കൂടാതെ ശരീര വേദനകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ സ്വന്തമായി മസാജ് ചെയ്യുന്നതിനുള്ള മസാജ് ഉപകരണവും രാജസ്ഥാൻ തുണിത്തരങ്ങളും വിവിധ അസുഖത്തിനുള്ള ഒറ്റമൂലികളും ഫാൻസി ഐറ്റങ്ങളും കുങ്കുമച്ചെപ്പുമുതൽ കുട്ടികൊമ്പൻ ശില്പംവരെ വാങ്ങാം.
കാഴ്ചകൾക്കും വിപണന വ്യാപാരത്തിനുമൊപ്പം കുട്ടികൾക്ക് കളിച്ചുല്ലസിക്കാനുള്ള പാർക്കാണ് ഏറെ ആകർഷണീയം. സ്നാക്സുകൾ കഴിച്ച് ഐസ്ക്രീം നുണഞ്ഞ് സുരക്ഷിതമായും സ്വസ്ഥമായുമിരുന്ന് കലാസന്ധ്യ ആസ്വദിക്കാനായി മാത്രം ധാരാളംപേർ കുടുംബസമേതം മേളയിലേക്ക് എത്തുന്നുണ്ട്. ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.