തിരുവനന്തപുരം : റിയൽ എസ്റ്റേറ്റ് മേഖല കൂടുതൽ സുതാര്യമാക്കുന്നതിനായി ആവിഷ്കരിച്ച കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയ്ക്ക് (റെറ) പുതുവർഷത്തിൽ തുടക്കമാകും. അതോറിട്ടിയുടെ ഉദ്ഘാടനം ജനുവരി ഒന്നിന് നടക്കും. വൈകിട്ട് മൂന്നിന് മാസ്‌ക്കറ്റ് സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലോഗോ പ്രകാശനം ചെയ്ത് അതോറിട്ടി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. മേയർ കെ. ശ്രീകുമാർ, വി.കെ. പ്രശാന്ത് എം.എൽ. എ, ചീഫ് സെക്രട്ടറി ടോം ജോസ്, ചെയർമാൻ പി. എച്ച് കുര്യൻ തുടങ്ങിയവർ പങ്കെടുക്കും.