ഇതുപോലൊരു ഡിസംബർ 29ന് പുലർച്ചെയായിരുന്നു രാജ്യം നിർഭയ എന്ന് പേരിട്ടുവിളിച്ച പെൺകുട്ടി ഒരു വലിയ ജനതയുടെ പ്രാർത്ഥനകളെ തോൽപ്പിച്ച് മരണത്തിന് കീഴടങ്ങിയത്. ദിവസങ്ങളും മാസങ്ങളും 2012ൽ നിന്ന് സഞ്ചരിച്ച് 2019ൽ എത്തിയിട്ടും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും സുരക്ഷയെപ്പറ്റിയുള്ള സംശയങ്ങളും ചോദ്യചിഹ്നങ്ങൾ തന്നെയാണ്. വീണ്ടും ഒരു നിർഭയ ദിനം മുന്നിലെത്തുമ്പോൾ കൊച്ചുകുട്ടികൾ മുതൽ വൃദ്ധരായ സ്ത്രീകൾ വരെ പൊതുഇടങ്ങളിലും വീടുകൾക്കുള്ളിലും എത്രമാത്രം സുരക്ഷിതരാണെന്ന് വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.
വർഷങ്ങൾ പിന്നിടുന്തോറും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നു എന്ന് സൂചിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. സമൂഹം പുരോഗതിയിലേക്കെന്ന അവകാശവാദങ്ങളെയൊക്കെ കുമിള കണക്കിന് പൊട്ടിച്ചുകളയുന്നതാണ് ഈ കണക്കുകളൊക്കെയും. ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2017ൽ രാജ്യത്ത് സ്ത്രീകൾക്കെതിരായുള്ള കുറ്രകൃത്യങ്ങളിൽ രജിസ്റ്രർ ചെയ്യപ്പെട്ടത് 3,59,847 കേസുകളാണ്. ഏറ്റവും അധികം കേസുകൾ യു.പിയിലാണ്, 56,011കേസുകൾ. കേരളവും പിന്നിലല്ല. 11057 കേസുകൾ കേരളത്തിൽ രജിസ്റ്രർ ചെയ്തിട്ടുണ്ട്. 2017ൽ രാജ്യത്ത് 32,559 ലൈംഗിക പീഡനക്കേസുകൾ ഫയൽ ചെയ്യപ്പെട്ടു. ഇതില് 93.1 ശതമാനം കേസുകളിലും ഇരയുമായി പരിചയമുള്ളവരാണ് പ്രതികൾ. കുട്ടികൾക്കെതിരെയുള്ള പീഡനങ്ങളുടെ എണ്ണത്തിലും വർദ്ധനവാണ്. കാണാതെപോകുന്ന കുട്ടികളുടെ എണ്ണത്തിലെ വർദ്ധനവും നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. പീഡനവിവരങ്ങളെപ്പറ്റി തുറന്നുപറയാൻ ധൈര്യമുള്ളവർ മുന്നോട്ടുവരുന്നു എന്നത് ശുഭസൂചന തന്നെയാണെങ്കിലും പുറംലോകമറിയാതെ എത്രയെത്ര സംഭവങ്ങളാണ് മൂടിവയ്ക്കപ്പെടുന്നതെന്നും ചിന്തിക്കണം.
സ്ത്രീകളെ സുരക്ഷിതരാക്കാൻ നിയമങ്ങളും നടപടികളും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആവിഷ്കരിക്കുന്നുണ്ട്. നിയമസംവിധാനങ്ങളിൽ വരുന്ന കാലതാമസവും നടപടി സ്വീകരിക്കേണ്ടവർ നിഷ്ക്രിയരാകുന്നതും നമ്മൾ നേരിടുന്ന വെല്ലുവിളികൾ തന്നെയാണ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സ്ത്രീശാക്തീകരണത്തിനും സ്ത്രീസുരക്ഷയ്ക്കുമായി നടപ്പാക്കിവരുന്ന പദ്ധതികളെ കണ്ടില്ലെന്ന് നടിക്കുന്നില്ല.
പൊതു ഇടങ്ങൾ സ്ത്രീകളുടെത് കൂടിയാണെന്ന സന്ദേശം ഉയർത്തി ഇന്ന് സംസ്ഥാനത്തെ തിരഞ്ഞെടുത്ത 100 കേന്ദ്രങ്ങളിൽ രാത്രി നടത്തം സംഘടിപ്പിക്കുന്നുണ്ട്. രാത്രി 11 മുതൽ ഒരു മണി വരെ സംഘടിപ്പിക്കുന്ന രാത്രി നടത്തത്തിന് പിന്നിൽ രാത്രികാലങ്ങളിൽ പുറത്ത് ഇറങ്ങി നടക്കാൻ സാധിക്കുന്ന തരത്തിൽ സ്ത്രീകളെ മാനസികമായി ധൈര്യപ്പെടുത്തുക, രാത്രികാലങ്ങളിൽ സ്ത്രീകളെ കണ്ടാൽ അവരെ ശല്യപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളാണുള്ളത്. ഇതിനായി ആയിരത്തോളം വോളണ്ടിയർമാരെയും ഏർപ്പാടാക്കികഴിഞ്ഞു. എങ്കിലും പിന്നിലൊരാളില്ലാതെ ധൈര്യമായി, തലയുയർത്തി എല്ലാ സ്ത്രീകൾക്കും നടക്കാൻ കഴിയുന്ന ഒരു ദിവസമാണ് നമ്മൾ സ്വപ്നം കാണേണ്ടത്. വളർന്നുവരുന്ന തലമുറ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും അത് തന്നെയാകണം.