വിതുര: തിരുവനന്തപുരം - പൊൻമുടി സംസ്ഥാനപാതയിൽ നെടുമങ്ങാട് മുതൽ വിതുര വരെയുള്ള റോഡിലെ കുഴികൾ നികത്തി തുടങ്ങി. മാസങ്ങളായി തകർന്ന് കിടന്ന റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി നവംബർ 17ന് ഇത് കുളമല്ല, റോഡാണ് എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട കെ.എസ്. ശബരീനാഥൻ എം.എൽ.എ പ്രശ്നം നിയമസഭയിൽ ഉന്നയിച്ചതിനെ തുടർന്ന് ഈ റോഡ് അത്യാധുനികനിലവാരത്തിൽ നവീകരിക്കുമെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അറിയിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് റോഡിലെ കുഴികൾ നികത്തുന്നത്. അപകടങ്ങൾ പതിവായതിനെ തുടർന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. മൂന്ന് വർഷത്തിനിടയിൽ നെടുമങ്ങാട് മുതൽ വിതുര വരെയുള്ള റോഡിൽ പൊലിഞ്ഞത് പത്ത് ജീവനുകളാണ്. ഇതിൽ കൂടുതലും യുവാക്കളാണ്. നൂറിലേറെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അധികൃതർ യാതൊരു സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടില്ല. കല്ലാർ - നെടുമങ്ങാട് റൂട്ടിൽ ഹൈവേ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും അപകടങ്ങൾ തുടരുകയായിരുന്നു. മന്നൂർക്കോണം, പൂങ്കാവനം, ഇടനില, പേരയത്തുപാറ, തോട്ടുമുക്ക്, വിതുര ശിവൻകോവിൽ ജംഗ്ഷൻ, വിതുര കെ.പി.എസ്.എം ജംഗ്ഷൻ, ചുള്ളിമാനൂർ എന്നീ മേഖലകളിലാണ് കൂടുതലും അപകടങ്ങൾ അരങ്ങേറിയത്. നെടുമങ്ങാട് - വിതുര റോഡ് അത്യാധുനിക രീതിയിൽ ടാറിംഗ് നടത്തിയിട്ട് പന്ത്രണ്ട് വർഷം കഴിഞ്ഞു. രണ്ട് വർഷം മുൻപ് വരെ വർഷാവർഷം റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. പിന്നീട് ചില മേഖലകളിൽ നാട്ടുകാരാണ് കല്ലും മണ്ണും ഇട്ട് കുഴികൾ നികത്തിയിരുന്നത്. ഇപ്പോൾ റോഡിലെ കുഴികൾ അടക്കുന്നത് യാത്രക്കാർക്ക് താത്കാലിക ആശ്വാസമാകും.
മഴയത്ത് റോഡ് തടാകം
മഴ പെയ്താൽ വിതുര - പൊൻമുടി റോഡ് വെള്ളത്തിൽ മുങ്ങും. വെള്ളക്കെട്ട് അപകടങ്ങളും യാത്രാതടസവും ഉണ്ടാക്കിയിട്ടും റോഡ് നിർമ്മിക്കാനുള്ള നടപടികൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. നെടുമങ്ങാട് മുതൽ കല്ലാർ വരെയുള്ള പത്തോളം പ്രധാന ജംഗ്ഷനുകളാണ് മഴക്കാലത്ത് മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങുന്നത്. സമീപത്തെ കടകളിലും മറ്റും വെള്ളംകയറുന്നതും പതിവാണ്. റോഡിൽ മിക്ക ഭാഗത്തും ഓടകൾ ഇല്ലാത്തതാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണം.നിലവിലെ ഓടകളിൽ തന്നെ വെള്ളം കൃത്യമായ രീതിൽ ഒഴുകിപ്പോകാനുള്ള സംവിധാനവും ഇല്ല. റോഡിന്റെ ഇരുഭാഗവും കാടുമൂടിക്കിടക്കുന്നതിനാൽ അതുവഴി വെള്ളം ഒഴുക്കിവിടാനും കഴിയാത്ത അവസ്ഥയിലാണ്.
വെള്ളക്കെട്ട് പ്രദേശങ്ങൾ
വിതുര ശിവൻകോവിൽ ജംഗ്ഷൻ, കലുങ്ക്, ഹൈസ്കൂൾ ജംഗ്ഷൻ, ചേന്നൻപാറ, തോട്ടുമുക്ക്, തൊളിക്കോട്, മന്നൂർക്കോണം